ലഹരി വിരുദ്ധ ക്യാമ്പയിന്‍ എക്‌സൈസ് വകുപ്പില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി, യുവജനകാര്യ, സ്‌പോര്‍ട്‌സ്, സാമൂഹ്യ ക്ഷേമ വകുപ്പുകളെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് കത്ത് നല്‍കി ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ.എ. എക്‌സൈസ് വകുപ്പ് ശ്രദ്ധ ചെലുത്തേണ്ടത് ലഹരി കടത്തുകാര്‍, വ്യാജമദ്യം കൊണ്ടുവരുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ലഹരിയും അനുബന്ധ കേസുകളില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമാണ്.
ഇതിലൂടെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ഇത് കണക്കിലെടുത്ത് എക്‌സൈസ് വകുപ്പിനെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തി ക്യാമ്പയിനുകളുടെ പൂര്‍ണ്ണ ചുമതല യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് കൊടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണത്തിന് പോകുമ്പോള്‍ അവര്‍ക്ക് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നും കത്തില്‍ സൂചിപ്പിച്ചു.
യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരു തുക ക്യാമ്പയിന്‍ ചെയ്യുന്ന ഈ വകുപ്പുകള്‍ക്ക് കൈമാറണം. കേരളത്തില്‍ തന്നെയുള്ള അറിയപ്പെടുന്ന പ്രൊഫഷണല്‍ മോട്ടിവേറ്റേഴ്‌സിനെ കൊണ്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താനും അതിലൂടെ അവരില്‍ വലിയ മാറ്റം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗത്തിലേയ്ക്ക് പോകാതെ അവരെ തടയുന്നതിനും സാധിക്കുമെന്നും കത്തില്‍ പറയുന്നുു.
എം.എല്‍.എ. നിയമസഭയില്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടിയായി സ്‌കൂളുകളില്‍ ഒരു പിരീഡ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രി ഇടപെട്ട് നടപ്പാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ലഹരിയുമായി ബന്ധപ്പെട്ട് പി.സി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചശേഷം നടന്ന ചര്‍ച്ചയിലും അന്‍വര്‍ സാദത്ത് ഇതേ വിഷയം ഉന്നയിച്ചിരുന്നു.
- കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
‘കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന യുവാക്കളിലെ ലഹരി ഉപയോഗവും അതിന്റെ അനന്തരഫലമായി ഉണ്ടാക്കുന്ന അതിക്രമങ്ങളും വ്യാപിച്ച് വരുന്നത് സംബന്ധിച്ചും ഇത് സര്‍ക്കാര്‍ ഫലപ്രദമായി തടയേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും 11.02.2025 ല്‍ നിയമസഭയില്‍ നടന്ന അടിയന്തിര പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് ഞാന്‍ സംസാരിച്ചിരുന്നു. കേരളത്തില്‍ നിരോധിതലഹരി ഉല്പന്നങ്ങളുടെ വിതരണവും ഉപയോഗവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നത് വസ്തുതയാണ്. നിരോധിത ലഹരി ഉല്പന്നങ്ങളുടെ ഉപയോഗം യുവാക്കളെ ക്രിമിനലുകളാക്കി മാറ്റുന്ന നിരവധി നടുക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പടുന്നു.
അത് ഒരു സാമൂഹിക വിപത്തായി കേരളീയ പൊതു-സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കും വിധം വ്യാപിച്ചിട്ടുണ്ട്എന്നത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ ഇതിനെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കുറച്ചുകൂടെ കാര്യക്ഷമമായ ഇടപെടല്‍അനിവാര്യമാണ്. നിരോധിത ലഹരി ഉല്പന്നങ്ങളുടെ കൈമാറ്റവും വില്പനയും തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തങ്ങള്‍ അടിയന്തിരമായി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കണം. സ്‌കൂളുകളില്‍ ഒരു പിരീഡ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് അങ്ങ് ഇടപെട്ട് നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തപ്പെടുന്നുണ്ടെങ്കിലും കാര്യക്ഷമമായി ഈ വിപത്തിനെ തടയുന്നതിന് നമുക്ക് സാധിക്കുന്നില്ല. എകൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ചുമതല കൂടെ നല്‍കിയിട്ടുള്ളതിനാല്‍ കാര്യക്ഷമമായ എന്‍ഫോഴ്‌സ്ന്റ് പരിശോധനകള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, ലഹരി കേരളത്തിലെത്തുന്ന വഴികള്‍ അടയ്ക്കുന്നതിന് അവര്‍ക്ക് സാധിക്കാത്ത സ്ഥിതിയുമുണ്ട്. മറ്റൊരു കാരണം എക്‌സൈസ് വകുപ്പിന് ഇത് നേരിടുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളോ ആവശ്യമായ സ്‌ട്രെങ്‌തോ ഇല്ല എന്നതാണ്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ബോധവല്‍ക്കരണ പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമാക്കി ഒഴിവാക്കി അവര്‍ക്ക് എന്‍ഫോസ്‌മെന്റ് / സ്‌കോഡ് പ്രവര്‍ത്തനത്തില്‍ മാത്രമായി ശ്രദ്ധ ചെലുത്താന്‍ ചുമതല നല്‍കണം.
എക്‌സൈസ് വകുപ്പിലെഉദ്യോഗസ്ഥരുടെ കുറവ് അടിയന്തരിമായി പരിഹരിക്കാന്‍ അങ്ങ് ഇടപെടുകയും വേണം. എക്‌സൈസ് വകുപ്പ് ശ്രദ്ധ ചെലുത്തേണ്ടത് ലഹരി കടത്തുകാര്‍, വ്യാജമദ്യം കൊണ്ടുവരുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ലഹരിയും അനുബന്ധമായതുമായ കേസ്സുകളില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമാണ്. ഇതിലൂടെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട്‌കൊണ്ടു പോകുന്നതിനും സാധിക്കും. ആയതിനാല്‍ എക്‌സൈസ് വകുപ്പിനെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തി ക്യാമ്പയിനുകളുടെ പൂര്‍ണ്ണ ചുമതല യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം എന്നീവകുപ്പുകള്‍ക്ക് അങ്ങ് നേരിട്ട് ഇടപെട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്ത് നടപ്പിലാക്കണമെന്ന് താല്പര്യപ്പെടുന്നു.
മേല്‍പ്പറഞ്ഞ വകുപ്പുകളുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരു തുക ക്യാമ്പയിന്‍ ചെയ്യുന്ന വകുപ്പുകള്‍ക്ക് കൊടുത്ത് കേരളത്തില്‍ തന്നെയുള്ള അറിയപ്പെടുന്ന ഏറ്റവും നല്ല മോട്ടിവേഷന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ മോട്ടിവേറ്റേഴ്‌സിനെ കൊണ്ട് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനായി താല്‍ക്കാലികമായി നിയോഗിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുട്ടികളില്‍ വലിയ സ്വാധിനം ചെലുത്തുന്നതിനും അതിലൂടെ അവരില്‍ വലിയ മാറ്റം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗത്തിലേയ്ക്ക് പോകാതെ അവരെ തടയുന്നതിനും നമുക്ക് സാധിക്കും.
ഈ നിര്‍ദ്ദേശങ്ങളെല്ലാം അങ്ങ് നേരിട്ടിടപെട്ട് നടപ്പിലാക്കിയാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനം എന്ന വലിയ വിപത്തിനെ തടയാം. ഇതില്‍ ആവശ്യമായ തുടര്‍ നടപടികള്‍ അങ്ങ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടികള്‍ക്കുംപരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ്.’
CONTENT HIGH LIGHTS; Don’t conduct ‘excise’ anti-drug campaign : Let youth affairs-sports-social welfare departments do it; Anwar Sadat MLA sent a letter to the Chief Minister