Kerala

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപ്പരാതി

എല്ലാ സംഭവവും മോഷണമാണോയെന്ന് വ്യക്തമായിട്ടില്ല

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപ്പരാതി. തിരുവനന്തപുരം ഫോർട്, വഞ്ചിയൂർ , തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലാണ് 15 ഓളം സ്ത്രീകൾ മാല നഷ്ടപ്പെട്ടെന്ന് പരാതി നൽകിയത്. പിന്നാലെ ഫോർട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേരെ പിടികൂടി. ഇവരിൽ നിന്ന് രണ്ട് സ്വ‍ർണമാല കണ്ടെത്തിയിട്ടുണ്ട്. അതേസമയം എല്ലാ സംഭവവും മോഷണമാണോയെന്ന് വ്യക്തമായിട്ടില്ല.

പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത സ്ത്രീകളാണ് പിന്നീട് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ, അടക്കം നഗര കേന്ദ്രങ്ങളിലെല്ലാം അതിരാവിലെ മുതൽ ദേവീഭക്തർ നിറഞ്ഞിരുന്നു. നൂറ് കണക്കിന് സ്ത്രീകളാണ് പൊങ്കാലയിട്ടത്. രാഷ്ട്രീയ ജാതി മത ഭേദമില്ലാതെ പൊങ്കാലയിടാൻ വന്ന ഭക്തരെ തിരുവനന്തപുരത്തെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി.

പൊങ്കാല അർപ്പിച്ച് മടങ്ങുന്നവർക്കായി 500 സ്പെഷ്യൽ ബസുകൾ കെഎസ്ആർടിസി ഒരുക്കിയിരുന്നു. കൂടുതൽ സർവ്വീസ് ഏർപ്പെടുത്തിയും സ്റ്റോപ്പുകൾ അനുവദിച്ചും റെയിൽവെയും ഭക്തരെ സഹായിച്ചു. മൂവായിരം പൊലീസുകാരെ അധികമായി നിയോഗിച്ചിരുന്നു. പൊങ്കാലക്ക് ശേഷം പതിവ് പോലെ അതിവേഗം നഗരം ശുചിയാക്കാൻ മൂവായിരത്തോളം ശുചീകരണ ജീവനക്കാരെ കോർപറേഷനും നിയോഗിച്ചിരുന്നു. നാളെ കാപ്പഴിച്ച് കുരുതി തർപ്പണത്തോടെയാണ് ആറ്റുകാൽ മഹോത്സവത്തിൻറെ പരിസമാപ്തി.

content highlight : 15-woman-who-participated-attukal-ponkala-lost-their-gold-chain-

Latest News