Travel

സീതയെ അപഹരിച്ച രാവണനെ തടഞ്ഞ പക്ഷി, ചിറകറ്റ ജടായു വീണ പാറ; ജടായു പാറ എന്ന അത്ഭുതം | jatayu-rock-famous-tourist-spot-in-kollam-check-entry-fee-timings-cable-car-rate

സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലാണ് ജടായു പാറ സ്ഥിതി ചെയ്യുന്നത്.

കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ജടായു പാറ. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ ചടയമം​ഗലത്താണ് ജടായു പാറ സ്ഥിതി ചെയ്യുന്നത്. രാമായണത്തിലെ കഥാപാത്രമായ ജടായുവിനായി സമര്‍പ്പിച്ച തീം പാർക്ക് ആണിത്. സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജടായു പാറയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പമുള്ളത്. സീതയെ ലങ്കയിലേയ്ക്ക് അപഹരിച്ച് കൊണ്ടുപോകവേ തടയാൻ ശ്രമിച്ച ജടായുവിന്റെ ചിറക് രാവണൻ അരിഞ്ഞുവീഴ്ത്തി. ചിറകറ്റ ജടായു ചടയമംഗലത്തെ ഈ കുന്നിന്‍മുകളിലാണ് വീണതെന്നാണ് ഐതിഹ്യം.

കുന്നിൻപുറത്തെ പാറക്കെട്ടുകൾ അതേപടി നിലനിർത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിൽ രാജീവ് അഞ്ചൽ എന്നയാളാണ് തീം പാർക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്. 12 വർഷമെടുത്താണ് ജടായു പാറയെന്ന മായികലോകത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 65 ഏക്കറിലാണ് ഈ പാർക്ക് പരന്നുകിടക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്പോട്ടാണിത്. പാറക്കെട്ടിന് മുകളിലൂടെ ഒരു കിലോമീറ്ററോളം ദൂരം കേബിൾ കാറിൽ സഞ്ചരിച്ച് വേണം പാറയുടെ മുകളിലെ ഭീമാകാരനായ പക്ഷിശിൽപ്പത്തിനടുത്ത് എത്താൻ. സാഹസിക പ്രേമികൾക്ക് താഴെ നിന്ന് 2 കിലോമീറ്റർ ദൈർഘ്യമുളള ട്രെക്കിം​ഗും ആസ്വദിക്കാം.

ശിൽപ്പത്തിനുള്ളിൽ രാമായണ കഥയുടെ അതിശയിപ്പിക്കുന്ന ലോകമാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റർ കാഴ്ച്ചയും സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ച്ചകളും ആസ്വദിക്കാം എന്നതാണ് മറ്റൊരു സവിശേഷത. പെയ്ന്റ് ബോള്‍, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈന്‍, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ വിവിധ സാഹസിക വിനോദങ്ങൾ അടങ്ങിയ അഡ്വഞ്ചർ പാർക്ക് ഇവിടെയുണ്ട്. മലമുകളില്‍ ഭക്ഷണശാലയുമുണ്ട്. സിദ്ധ സമ്പ്രദായത്തിലുള്ള സിദ്ധ കേവ് ഹീലിംഗ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

STORY HIGHLIGHTS: jatayu-rock-famous-tourist-spot-in-kollam-check-entry-fee-timings-cable-car-rate