Thiruvananthapuram

കേരള പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ കളി, കൈവേല മത്സരം നാളെ കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ തുടങ്ങും

കേരള സര്‍വ്വകലാശാല കേരള പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാടന്‍ കളികളുടെയും കൈവേലകളുടെയും മത്സരങ്ങള്‍ നാളെ ആരംഭിക്കും. വൈകിട്ട് മൂന്നിന് ചലച്ചിത്രനടന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 9.30 മുതല്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. കള്ളനും പോലീസും, പുളിങ്കുരുകളി, ഈര്‍ക്കില്‍ കളി, വളപ്പൊട്ട് കളി, പാമ്പും കോണിയും, പേനകളി എന്നിവയാണ് ഇന്‍ഡോര്‍ വിഭാഗത്തിലുള്ളത്. കൈവേല മത്സരത്തില്‍ ചിരട്ടത്തവിനിര്‍മ്മാണം, കളിമണ്‍രൂപ നിര്‍മ്മാണം എന്നിവയുടെ മത്സരവും ഇതോടൊപ്പം നടക്കും.

20ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ ഓലപ്പാമ്പ് നിര്‍മ്മാണം, ഓലപ്പന്ത് നിര്‍മ്മാണം മത്സരം ഔട്ട്ഡോര്‍ ഇനങ്ങളായ സാറ്റ് കളി, കക്ക് കളി, കുളംകരകളി എന്നിവയും നടക്കും. 21ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ ഓലമെടയല്‍, ഓലപ്പീപ്പി, ഈര്‍ക്കില്‍ ചുല്‍ നീര്‍മ്മാണം എന്നീമത്സരങ്ങളും ചട്ടിയും പന്തും(സെവൻ്റീസ്), കുട്ടിയും കോലും, കിളിത്തട്ട്കളി, മരംതൊട്ട് കളി എന്നീ മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് കാഷ്പ്രൈസ് ഉണ്ടായിരിക്കും. 21ന് സര്‍വ്വകലാശാല ജീവനക്കാര്‍ക്കായി നാടന്‍ കളികളുടെ സൗഹൃദമത്സരവും സംഘടിപ്പിക്കുന്നുണ്ട്. സൗഹാര്‍ദപരമായ അന്തരീക്ഷം വളര്‍ത്താനായാണ് നാടന്‍കളികളുടെയും കൈവേലകളുടെയും മത്സരം സംഘടിപ്പിക്കുന്നത്. മനസിനെയും ശരീരത്തെയും ഉണര്‍ത്തുന്ന പഴയകാലവിനോദങ്ങളെ ഓര്‍മ്മിക്കുകയാണ് ‘ചെറുതുകളുടെ ചെറുത്തുനില്‍പ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ലക്ഷ്യം. പഴയകാലത്തെക്കുറിച്ചുളള തിരിച്ചറിവ് പുതിയ തലമുറയ്ക്കു നല്‍കുക എന്നതും മത്സരം സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശം. മത്സരങ്ങള്‍ 21 ന് സമാപിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ സിന്‍ഡിക്കേന്‍ഡ് അംഗങ്ങളായ അഡ്വ. ജി. മുരളിധരന്‍ പിള്ള, ഡോ. എസ്. നസീബ്, ഡോ. ജെ.എസ്. ഷിജുഖാന്‍, ഡി.എന്‍. അജയ്, ഡോ. പി.എന്‍. രാധാമണി, ഡോ. കെ.ജി. ഗോപ്ചന്ദ്രന്‍, കേരളപഠനവിഭാഗം അദ്ധ്യന്‍ ഡോ. സി.ആര്‍. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Latest News