ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. ആർജെഡി പ്രവർത്തകർ ഇ.ഡി ഓഫിസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ.
കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇ.ഡി ഇതേ കേസിൽ ചോദ്യം ചെയ്തിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി.
ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ നിയമനങ്ങൾക്കു പകരം ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലുവിന്റെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.
STORY HIGHLIGHT: ed questions lalu prasad yadav