ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാന്‍ ആര്‍ക്കാണ് മോഹം കൂടുതലെന്ന് കഴിഞ്ഞ കാലങ്ങളിലെ സംഘടനാ പ്രവര്‍ത്തനവും പാര്‍ലമെന്ററി പ്രവര്‍ത്തനവും വിലയിരുത്തിയാല്‍ മനസ്സിലാകും. കിട്ടിയ ഇരിപ്പിടം വിട്ടുകൊടുക്കാന്‍ മനസ്സിലാത്തവരും, പാര്‍ട്ടിയില്‍ അനഭിമതനായവരും, ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരുമായവര്‍ മാത്രമാണ് ബി.ജെ.പി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ളത്. എന്നാല്‍, മാറിയ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റം കേരളത്തിലും പ്രതിഫലിക്കുന്നു എന്നതാണ് ഇതിനു പ്രധാന കാരണം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല എന്നൊരു പ്രചാരണം ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോള്‍ അതിനെ ചെറുക്കാന്‍ ബി.ജെ.പിക്ക് ഇനിയും കഴിയുന്നില്ല എന്നത് വസ്തുതയാണ്. അതായത്, ബി.ജെ.പിക്ക് നല്ലൊരു നേതൃത്വം ഇല്ല എന്നതിന് തെളിവു കൂടിയാണത്.
ഇതിനാണ് നാളെ അരുതി വരുത്താന്‍ പോകുന്നത്. കണ്ടു കഴിഞ്ഞ നേതൃത്വമോ, ഇതുവരെ പാര്‍ട്ടിയെ നയിച്ച നേതൃത്വമോ ആയിരിക്കില്ല വരാനിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാര്‍ട്ടിക്ക് അടിമുടി മാറ്റം വരണമെങ്കില്‍ അതിന് തീപ്പൊരി നേതാവ് തന്നെ വരണം. പ്രത്യേകിച്ച് യുവാക്കളെയും, പാര്‍ട്ടി അണികളെയും സമരമുഖത്ത് എത്തിക്കാന്‍ കഴിയുന്ന നേതൃത്വം. അതിന് കരുത്തുള്ളവരെ തന്നെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നോക്കുന്നതും. ഇങ്ങനെ ആരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ആദ്യ പേരുകാരന്‍. തൊട്ടടുത്ത് ശോഭാ സുരേന്ദ്രനുണ്ട്. പിന്നാലെ മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും, വി. മുരളീധരനും, മുന്‍ പ്രസിഡന്റ് എം.ടി. രമേശും, ആര്‍.എസ്.എ്. ദേശീയ നേതാവായ എ. ജയകുമാറുമണ്ട്.
ഒരാള്‍ മാത്രമാണ് ഇതില്‍ സ്ത്രീ സാന്നിധ്യം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നത്. അഞ്ചു നേതാക്കളില്‍ ഒരാള്‍ പെണ്ണാണ്. ഈ പെണ്ണിനു തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നതും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ ബി.ജെ.പിയെ നയിക്കാന്‍ വനിതാ നേതാവുണ്ടാവുക എന്നത് രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റമായിരിക്കും. അത് ഉണ്ടാകുമെന്നാണ് സൂചനകളും. ശോഭാ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുണ്ടായിരുന്നു. അണികള്‍ക്കും ശോഭാ സുരേന്ദ്രനോട് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നേതൃമാറ്റം ഉണ്ടായാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല, ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു.
നിലവില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലുടെ തെരഞ്ഞെടുപ്പും, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് പ്രദാന കടമ്പകള്‍. ഇതില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്. തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിച്ചെടുക്കുക എന്നതും, കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളില്‍ അദികാരം പിടിക്കുക എന്നതും ലക്ഷ്യമാണ്. ഇതിനിടെ കെ സുരേന്ദ്രനോട് തുടരാന്‍ ആവശ്യപ്പെടുമെന്നും അഭ്യൂഹമുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ചുമതലയുമായി പോയ വി. മുരളീധരനോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ ചേരണമെന്നും ഞായറാഴ്ച നോമിനേഷന്‍ പ്രക്രിയ വേണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് മുരളീധരന്‍ അതിവേഗം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
കൗണ്‍സില്‍ യോഗത്തിനായുള്ള മുന്നൊരുക്കങ്ങളിലെ ചര്‍ച്ചയും നടന്നു. ഇതിന് ശേഷമാണ് മറ്റുള്ള അഞ്ചു പേരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ആറു പേരോടും തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച നോമിനേഷന്‍ കൊടുക്കണമെന്നതിനാലാണ് ഇത്. കേന്ദ്രനിരീക്ഷകന്‍ പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമാകും. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന പ്രചരണം ശക്തമാണ്.
അഞ്ചുവര്‍ഷം കാലാവധിയെന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയാല്‍ സുരേന്ദ്രന്‍ ഒഴിയും. നാളെ ചേരുന്ന കോര്‍കമ്മിറ്റിയോഗത്തില്‍ കേന്ദ്രനിരീക്ഷകന്‍ പ്രഹ്ളാദ് ജോഷി സമവായ നിര്‍ദ്ദേശം അറിയിക്കും. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തിരഞ്ഞെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സാകും നിര്‍ണ്ണായകമാകുക. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖര്‍, ശോഭാസുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സാധ്യതയേറെ എന്നാണ് സൂചന. വി. മുരളീധരനും അവസാന നിമിഷം അധ്യക്ഷനാകാന്‍ സാധ്യതയുണ്ട്. യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് ലബനനില്‍ പോകുന്നത് വി. മുരളീധരനാണ്. ഈ സംഘത്തില്‍ രാജീവ് ചന്ദ്രശേഖറുമുണ്ട്.
ഡല്‍ഹിയിലുള്ള രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും. സുരേന്ദ്രന്‍ മാറാതെ സംഘടനാ ജനറല്‍ സെക്രട്ടറിയെ നല്‍കില്ലെന്ന നിലപാടിലായിരുന്നു പരിവാര്‍ നേതാക്കള്‍. അതുകൊണ്ടു തന്നെ ജയകുമാറിനെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശിച്ചത് സുരേന്ദ്രനെ മാറ്റുന്നതിന്റെ സൂചനയായും കരുതുന്നവരുണ്ട്. 24നു തെരഞ്ഞെടുപ്പ് നടക്കും. ഇതിനായുള്ള വിപുലമായ സംസ്ഥാന നേതൃയോഗവും ചേരും. മുന്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ ഈ യോഗത്തിലേക്ക്വിളിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം മുമ്പോട്ട് വയ്ക്കുന്ന പേരുകാരന്‍ മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം നല്‍കൂ. അതുകൊണ്ട് തന്നെ 24 ലെ നേതൃയോഗം വെറും ഔപചാരികം മാത്രമാകും. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ തുടങ്ങുമ്പോള്‍ തന്നെ ആരാണ് പ്രസിഡന്റ് എന്ന് വ്യക്തമാകും.
ഇതിനെല്ലാം മുകളില്‍ ശോഭാ സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്നു നില്‍ക്കുന്നത്. സുരേന്ദ്രനെ വെട്ടി ശോഭയെ മുന്നിലെത്തിക്കാന്‍ ആര്‍.എസ്.എസിനും താല്‍പ്പര്യമുണ്ട്. ഇതുവരെ പുരുഷാധിപത്യമായിരുന്നെങ്കില്‍ ഇനി സ്ത്രീ ഭരിക്കട്ടെയെന്ന കാഴ്ചപ്പാടാണ് ആര്‍.എസ്.എസിനുള്ളത്. പക്ഷെ അത് നടപ്പാകുമോയെന്ന് തിങ്കളാഴ്ച അറിയാം.
CONTENT HIGH LIGHTS; Surendran has ‘Shobha’ in front of him: While searching for answers to everything, Shobha is hoping for ‘Surendran’; Will the BJP get a president next?; Will we know the verdict tomorrow?