13 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടു പേർ അറസ്റ്റിൽ. ചാഴൂർ എസ് എൻ റോഡ് സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സന്ധ്യ പെരിങ്ങോട്ടുകര സ്വദേശിയായ പാണ്ടത്ര വീട്ടിൽ ഷൈബിൻ എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചാഴൂർ ഐശ്വര്യ റോഡ് സ്വദേശിയായ വലിയപുരക്കൽ സുപ്രിയയുടെ വീട്ടിലാണ് മോഷണം നടന്നത്. സുപ്രിയയുടെ വീട്ടിൽ വീട് വൃത്തിയാക്കുന്നതിനും വീട്ടു ജോലിയിൽ സഹായിക്കുന്നതിനും സന്ധ്യ പോകാറുണ്ട്.
സുപ്രിയയുടെ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 16.75 പവനോളം തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങൾ മോഷണം പോയിരുന്നു. സുപ്രിയയുടെ ഗുജറാത്തിലുള്ള ചേച്ചി നാട്ടിൽ വന്ന സമയം സുപ്രിയ തന്റെ മക്കൾക്ക് വിവാഹ സമ്മാനമായി നൽകുന്നതിനായി വാങ്ങിയ സ്വർണാഭരണങ്ങൾ കാണിച്ചു കൊടുക്കുമ്പോൾ ആണ് ഇതിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് മാർച്ച് 12 ന് ഇവർ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും അന്തിക്കാട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ജോലിക്ക് പോയ ഒരു ദിവസം സന്ധ്യ, അലമാര തുറന്നു കിടക്കുന്നത് കണ്ട് സൂത്രത്തിൽ അലമാരയിലെ ലോക്കറിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. മോഷണ സ്വർണ്ണം വിൽക്കുന്നതിനായി സുഹൃത്തായ ഷൈബിനെയാണ് ഏൽപ്പിച്ചിരുന്നത്. ഷൈബിൻ, പെരിങ്ങോട്ടുകര സ്വദേശിയായ വാമ്പുള്ളി പറമ്പിൽ, അരുൺ എന്നയാളുമായി മദ്യപിച്ചിരിക്കുമ്പോൾ സന്ധ്യ മോഷണം നടത്തിയ വിവരം അരുണിനോട് പറഞ്ഞു. അരുൺ മറ്റൊരാടെങ്കിലും ഈ വിവരം പറയുമോ എന്നുള്ള ഭയത്താൽ അരുണിനെ മർദിച്ച് ഒരു പീഡന കഥയുമുണ്ടാക്കി ഷൈബിനും സന്ധ്യയും പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.
സന്ധ്യയുടെ പരാതിയിൽ അരുണിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ അരുണിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയതിൽ സന്ധ്യയെയും ഷൈബിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്തതിൽ ആണ് സന്ധ്യ മോഷണം നടത്തിയ വിവരം സമ്മതിച്ചത്. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ 2 പേരെയും റിമാൻഡ് ചെയ്തു.
STORY HIGHLIGHT: the case of stealing gold ornaments