സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട പീഡനകേസ് വിചാരണക്കോടതിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാൽ, ഇത്തരം കേസുകളുടെ വിചാരണ പരിഗണിക്കുന്നത് ജില്ലാ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് വിചാരണക്കോടതിക്ക് കൈമാറിയത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെൺകുട്ടിയെ ഫ്ളൈയിങ് സ്ക്വാഡ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുക്കുകയായിരുന്നു.
മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി വ്യക്തമാക്കി. കൂടാതെ സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നൽകുകയും ചെയ്തു. പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആൾക്കാർ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു. തുടർന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് പെൺകുട്ടിയും സ്വാമിയുടെ മുൻ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി എതിർത്തതാണ് കേസിന് ഇടയാക്കിയ സംഭവമെന്നു കണ്ടെത്തി.
നിയമോപദേശം തേടിയ ശേഷമാണ് പീഡന പരാതിയിൽ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെൺകുട്ടിക്കും ആൺ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഈ കേസാണ് വിചാരണക്കോടതിക്ക് കൈമാറിയത്.
STORY HIGHLIGHT: swami gangeshananda cut off penis