എംഡിഎംഎ വാങ്ങാൻ പണം നൽകാതിരുന്നതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. താനൂർ സ്വദേശിയായ യുവാവിനെ നാട്ടുകാർ പോലീസിനെയേൽപ്പിച്ചു. നാളുകളായി എംഡിഎംഎ ഉപയോഗിക്കുന്നയാളാണ് പ്രതി. ലഹരി തന്റെ ജീവിതം തകർത്തെന്നും ലഹരി ഉപയോഗം നിർത്താൻ പലതവണ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് ഡീ അഡിക്ഷൻ സെന്ററിലേക്ക് പോകുംവഴി യുവാവ് പോലീസിനോട് പറഞ്ഞു.
ലഹരി വാങ്ങാൻ പണം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ യുവാവ് പിതാവിനോടുതന്നെ നേരിട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ഇയാൾ മാതാപിതാക്കൾക്കുനേരെ തിരിയുകയായിരുന്നു. പിതാവിനെ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ടുവന്ന മാതാവിനെയും മൺവെട്ടി ഉപയോഗിച്ച് യുവാവ് ആക്രമിച്ചു.
യുവാവ് ആക്രമണം നടത്തിയ സംഭവങ്ങളുടെ ശബ്ദം കേട്ട് നാട്ടുകാരും അയൽവാസികളും ഓടിയെത്തി യുവാവിനെ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
STORY HIGHLIGHT: youth attacks parents