ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതയ്ക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും സ്കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്.
ഇത് പല സങ്കീര്‍ണതകള്‍ക്കും വഴിവെച്ചിരുന്നു. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ പഠിച്ചവര്‍ക്കും, ഇന്ത്യയ്ക്ക് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സ്കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനനസര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി. പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ലഘൂകരിച്ചത്. കാലോചിതമായി ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ഒന്നാണ് ഈ തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ സ്മാര്ട്ടില് വരുത്തും. ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വീഡിയോ കെവൈസി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കൂടുതല്‍ പരിഷ്കരണങ്ങള്‍ സിവില്‍ രജിസ്ട്രേഷനുകളില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വഞ്ചിമുക്ക് ലക്ഷ്മിസദനത്തില്‍ കണ്ണന് ബി ദിവാകരന് നവകേരള സദസില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നിരവധി പേര്‍ക്ക് സഹായകമായ ഈ തീരുമാനം കൈക്കൊണ്ടത്. കണ്ണന് ബൈജൂവെന്ന പേര് ഗസറ്റ് വിജ്ഞാപനപ്രകാരമാണ് കണ്ണന് ബി ദിവാകര്‍ എന്നാക്കി മാറ്റിയത്. എന്നാല്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് സിബിഎസ്ഇയുടേത് ആയിരുന്നതിനാല്‍, തിരുത്തലിന് തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് അനിവാര്യമായി. ജനന സര്‍ട്ടിഫിക്കറ്റിലെ തിരുത്തലിന് തിരുത്തിയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ആവശ്യം. ഈ പ്രശ്നം മുന്‍നിര്‍ത്തി കണ്ണന് നവകേരള സദസില്‍ സമര്‍പ്പിച്ച പരാതിയാണ്, പുതിയ തീരുമാനത്തിലേക്ക് നയിച്ചത്.
CONTENT HIGH LIGHTS;Kannan opens the eyes of the government: Now it is easy to change the name on the birth certificate; The government has eased the conditions; The decision will bring relief to many people in Kerala