അടുത്തകാലത്ത് ത്രിപുരയില്‍ രൂപം കൊണ്ട ജില്ലയാണ് ധലായി. ഇത് കിടക്കുന്നത് ബംഗ്ലാദേശിനോട് ചേര്‍ന്നാണ്. അംബാസയാണ് ധലായിയുടെ ജില്ലാതലസ്ഥാനം. ഒരു ജില്ലയായി ധലായി ഉരുത്തിരിഞ്ഞത് 1995 ലാണ്. ഇന്ത്യയിലെ പഞ്ചായത്ത് രാജ് മന്ത്രാലയം ഇതിനെ പിന്നോക്ക ജില്ലയുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ധലായിയിലേക്ക് തലസ്ഥാനത്ത് നിന്ന് റോഡ് മാര്‍ഗ്ഗം 3 മണിക്കൂറുകളുടെ വഴിദൂരമാണുള്ളത്.
കാടും കുന്നും വലയംചെയ്ത മനോഹരമായ ജില്ലയാണ് ധലായി. ഇടതൂര്‍ന്ന് നില്‍ക്കുന്ന വനങ്ങള്‍ ഈ പട്ടണത്തിന്റെ ചാരുതയ്ക്ക് മിഴിവേറ്റുന്നുണ്ട്. ത്രിപുരയിലെത്തുന്ന സഞ്ചാരികള്‍ രണ്ട് നാള്‍ ഇവിടെ തങ്ങാന്‍ പ്രലോഭിതരാവുന്നതില്‍ അതിശയമൊട്ടുമില്ല. എടുത്തുപറയത്തക്ക വ്യവസായ സ്ഥാപനങ്ങളൊന്നും ധലായിയിലില്ല. സുസംഘടിതമായ ഒരു വ്യവസായമെന്ന് പറയാന്‍ പൈനാപ്പിള്‍ ജ്യൂസ് കോണ്‍സന്റ്രേഷന്‍ പ്ലാന്റാണ് ആകെയുള്ളത്. നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(നെരമാക്) കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കരകൌശല ഉത്പന്നങ്ങളുടെ നിര്‍മ്മിതിയില്‍ പ്രാവീണ്യം നേടിയവരാണ് ഈ നാട്ടുകാര്‍ .
ചന്ദനത്തിരികളുടെ നിര്‍മ്മാണത്തിനും ധലായി പേര് കേട്ടതാണ്. സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഒരുപോലെ വരവേല്‍ക്കുന്നതാണ് ധലായി ടൂറിസം. ലൊങ്തര മന്ദിര്‍ , കമലേശ്വരി മന്ദിര്‍ , രാസ് ഉത്സവം എന്നിവ ധലായിയിലെ പ്രസിദ്ധമായ സഞ്ചാരകേന്ദ്രങ്ങളും ദൃശ്യാനുഭവങ്ങളുമാണ്. ധലായി തീര്‍ച്ചയായും ത്രിപുര വിനോദസഞ്ചാരത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകം തന്നെയാണ് .
STORY HIGHLIGHTS : The last word on natural beauty! Dhalai is rich in sights