News

വന്യജീവികളുടെ സ്വര്‍ഗം ; അത്ഭുതമാണ് ചിക്കല്‍ധാര ! | A paradise for wildlife; Chikkaldhara is amazing

അമരാവതി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചിക്കല്‍ധാര

മനോഹരമായ ഭൂപ്രകൃതിയും പച്ചപ്പും കണ്ട സായിപ്പിന് ജന്മനാടായ ഇംഗ്ലണ്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഉണര്‍ന്നുവെന്ന് ഒരു കഥയുണ്ട്. വേറെ എവിടെയും ചിക്കല്‍ധാരയാണ് ആ അത്ഭുത സ്ഥലം. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചിക്കല്‍ധാര. വന്യജീവിസങ്കേതത്തിന് പേരുകേട്ട ചിക്കല്‍ധാരയില്‍ വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഹാരാഷ്ട്രയിലെ കാപ്പി പ്ലാന്റേഷനുകള്‍ക്ക് പ്രസിദ്ധമായ ചിക്കല്‍ധാര സമുദ്രനിരപ്പില്‍ നിന്നും 1120 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഹൈദരാബാദ് റെജിമെന്റിലെ മിസ്റ്റര്‍ റോബിന്‍സണാണ് 1823 ല്‍ ചിക്കല്‍ധാര കണ്ടെത്തിയതെന്ന് കരുപ്പെടുന്നു. ചിക്കല്‍ധാരയെ ഇന്ത്യയുടെ തലസ്ഥാനമാക്കാനുള്ള ഒരു നിര്‍ദ്ദേശം ഉണ്ടായതായും പറയപ്പെടുന്നുണ്ട്. എന്തായാലും നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടില്ല.

മഹാഭരതവുമായി ബന്ധപ്പെട്ട് ചിക്കല്‍ധാരയെക്കുറിച്ച് കഥകളുണ്ട്. ഭീമനാല്‍ കൊല്ലപ്പെട്ട കീചകന്‍ ഭരിച്ചിരുന്ന പ്രദേശമായിരുന്നു ചിക്കല്‍ധാര എന്നാണ് കരുതപ്പെടുന്നത്. വനവാസക്കാലത്ത് കീചകനെ വധിച്ച ശേഷം അതിബലവാനായ ഭീമന്‍ കീചകന്റെ മൃതദേഹം താഴ് വാരത്തിലേക്ക് വലിച്ചെറിഞ്ഞു. കീചകനെന്ന പേരിനോട് സാമ്യമുള്ള ചികല്‍ എന്ന വാക്കും താഴ് വാരം എന്നര്‍ത്ഥം വരുന്ന ധാര എന്ന വാക്കും ചേര്‍ന്നാണ് ചിക്കല്‍ധാര എന്ന പേര് രൂപപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്‍ രുഗ്മിണിയുമൊത്ത് ഇവിടെ വന്നിരുന്നതായും കഥകളുണ്ട്. വന്യജീവികളുടെ സ്വര്‍ഗം എന്നതില്‍ക്കുറഞ്ഞ ഒരു വിശേഷണവും ചിക്കല്‍ധാരയ്ക്ക് ചേരില്ല. വിവിധ തരത്തില്‍പ്പെട്ട പക്ഷികളും മൃഗങ്ങളും പ്രത്യേകതരം സസ്യജാലങ്ങളും നിറഞ്ഞ ചിക്കല്‍ധാര ഏത് തരത്തിലുള്ള പ്രകൃതിസ്‌നേഹികളെയും ആകര്‍ഷിക്കും.

മുള്ളന്‍ പന്നി, മൗസ് ഡീര്‍, പറക്കും അണ്ണാന്‍, വിവിധതരം കുരങ്ങുകള്‍, മാനുകള്‍, കാട്ടുപോത്ത്, കാട്ടുനായ, പുള്ളിപ്പുലി, ഈനാംപേച്ചി, കാട്ടുപന്നി, ഉടുമ്പ്, കരടി, കടുവ തുടങ്ങി നിരവധി ജന്തുജാലങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. വീട്ടി, തേക്ക്, മുള തുടങ്ങി നിരവധി സസ്യജാലങ്ങളുടെയും കേന്ദ്രമാണിവിടം. ഇന്ത്യയില്‍ അവേശഷിച്ചിട്ടുള്ള കടുവകളില്‍ ഏകദേശം 82 എണ്ണത്തോളമുള്ള മേല്‍ഘാട്ട് ടൈഗര്‍ പ്രോജക്ടാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ദേവി പോയന്റ്, പ്രോസ്‌പെക്ട് പോയന്റ്, ഹുരിക്കന്‍സ് പോയന്റ് എന്നിങ്ങനെയുള്ള നിരവധി വ്യൂപോയന്റുകളില്‍ നിന്നും ചിക്കല്‍ധാരയുടെ വിവിധങ്ങളായ മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ചിത്രരചനയും ചരിത്രവും ഇഷ്ടപ്പെടുന്ന യാത്രികര്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ചിലതാണ് ഇവിടത്തെ നര്‍ണാല കോട്ടയും ഗവില്‍ഭര്‍ഗ് കോട്ടയും. പുരാതനമായ ഈ കോട്ടകള്‍ പഴക്കം കൊണ്ട് മാത്രമല്ല, ഭാരതത്തിന്റെ പഴയകാല സാംസ്‌കാരിക സമ്പന്നതയും വൈവിദ്ധ്യവും കൂടി കാഴ്ചക്കാരെ ഓര്‍മിപ്പിക്കുന്നു.

തീരദേശ കാലാവസ്ഥയാണ് ചിക്കല്‍ധാരയില്‍ പ്രധാനമായും. താപനില വളരെയധികം ഉയരുകയോ തീരെ താഴ്ന്നുപോകുകയോ ചെയ്യാറില്ല. കടുത്ത ചൂട് അനുഭവപ്പെടാറുമില്ല ഈ പ്രദേശത്ത്. മഴക്കാലത്താണ് ശരിക്കും ചിക്കല്‍ധാര സന്ദര്‍ശിക്കേണ്ടത്. മഴ നനഞ്ഞുകിടക്കുന്ന ചിക്കല്‍ധാരയിലെ കാഴ്ചകള്‍ ശരിക്കും സഞ്ചാരികളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. മനോഹരമായ കാലാവസ്ഥയില്‍ ചിക്കല്‍ധാര ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ശീതകാലത്ത് ഇവിടെയത്തുന്നത്. മഴ മാറിയ ശേഷം ചിക്കല്‍ധാരയിലെത്തി സമയം ചെലവഴിക്കുക എന്നത് പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ സ്വപ്നമാണ്. ചിക്കല്‍ധാരയിലേക്ക് എത്തിച്ചേരാനും വളരെ എളുപ്പത്തില്‍ സാധിക്കും.

റോഡ്, ട്രെയിന്‍, വാനമ മാര്‍ഗങ്ങളില്‍ ചിക്കല്‍ധാരയിലെത്തുവാന്‍ പ്രയാസമില്ല. വിമാനമാര്‍ഗമാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അകോള വിമാനത്താവളമാണ് ഏറ്റവും അനുയോജ്യം. ട്രെയിന്‍ മാര്‍ഗമാണ് യാത്രയെങ്കില്‍ ബദ്‌നേര റെയില്‍വേ സ്റ്റേഷനാണ് സമീപത്തുള്ളത്. ഇവിടെ നിന്നും ക്യാബുകളില്‍ ചിക്കല്‍ധാര വന്യജീവിസങ്കേതത്തിലെത്താം. മോഹിപ്പിക്കുന്ന ഒരു സാധ്യതയാണ് ചിക്കല്‍ധാരയിലേക്കുള്ള ഡ്രൈവിംഗ്. സര്‍ക്കാര്‍ വക ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ചിക്കല്‍ധാരയിലെത്താന്‍ ലഭ്യമാണ്. പ്രകൃതി സ്‌നേഹികളെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു അനുഭവമായിരിക്കും ചിക്കല്‍ധാരവന്യജീവി സങ്കേതത്തിലേക്കുള്ള യാത്ര. നിരവധി പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിവിടം.

STORY HIGHLIGHTS : A paradise for wildlife; Chikkaldhara is amazing