‘വാക്ക്’, ആയുധമാണ്. അതെടുത്ത് ഉപയോഗിക്കുന്നവരാണ് മാധ്യമങ്ങള്‍. അവിടെ വാക്കുകള്‍ സാമൂഹിക പരിഷ്‌കരണത്തിനും, സാംസ്‌ക്കാരിക നവീകരണത്തിനും രാഷ്ട്രീയ പ്രബുദ്ധതയ്ക്കും മതേതര കാഴ്ചപ്പാടുകള്‍ക്കും വേണ്ടി ഉപയോഗിക്കുക എന്ന വലിയ കര്‍ത്തവ്യം നിറവേറ്റേണ്ടതുണ്ട്. ആധുനിക കാലത്തിന്റെ ഉത്പ്പന്നമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇന്ന് ലോക സാമൂഹിക ക്രമത്തില്‍പ്പോലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു.
കോവിഡ് കാലത്തിന്റെ ബാക്കി പത്രമായി രൂപപ്പെട്ട സാമൂഹ്യ മാധ്യമ പ്രളയവും, ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇന്ന് വാര്‍ത്തകളെ, വാക്കുകള്‍ കൊണ്ട് മലീമസപ്പെടുത്തുന്നുണ്ടെന്നു പറയാതെ വയ്യ. അവിടെ, സമൂഹത്തിനൊപ്പം സത്യസന്ധമായ വാര്‍ത്തകള്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വിരലിലെണ്ണാവുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളേ ഉള്ളൂവെന്നതും സത്യം. അതില്‍ പ്രധാനപ്പെട്ട ഒന്നായി തീരാന്‍ അന്വേഷണം ന്യൂസിന് സാധിച്ചത്, ഭൂതകാലത്തെ തീക്ഷണമായ പ്രയത്‌നത്തിലൂടെയാണ്.
വാക്കുകള്‍ക്ക് തീ പിടിച്ച കാലത്തും സത്യത്തിന്റെ വഴിയിലൂടെ നേരിന്റെ വാര്‍ത്തകളെ അന്വേഷിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ആ ജൈത്രയാത്ര തുടരുകയാണ്. പിന്നിട്ട വഴികളില്‍ ഊര്‍ജ്ജം നല്‍കിയവരോടും, ഒപ്പം നടന്നവരോടും നന്ദി. ഇന്ന് കേരള നിയമസഭയുടെ അംഗീകാരത്തിന് അന്വേഷണം ന്യൂസ് അര്‍ഹമായിരിക്കുകയാണ്. കേരള നിയമസഭയുടെ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ സമഗ്ര കവറേജിനാണ് അംഗീകാരം. നിയമസഭയുടെ പുസ്തകോത്സവം എന്നത്, മറ്റേതൊരു പുസ്തകോത്സവത്തേക്കാളും ഗംഭീരവും, പ്രൗഢവുമാണ്.
കാരണം, നിയമസഭ എന്നത്, കേരളത്തിന്റെ പരിച്ഛേദം എന്നതു കൊണ്ടുതന്നെ. 140 നിയോജകമണ്ഡലങ്ങളെയും പ്രതിനിധീകരിച്ചുള്ള അംഗങ്ങള്‍ സമ്മേളിക്കുന്ന ഇടം. കേരള ജനതയ്ക്കു വേണ്ടി നിയമനിര്‍മ്മാണം നടത്തുന്ന ഇടം. അങ്ങനെ എന്തുകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ഇടത്തു നടക്കുന്ന പുസ്തകോത്സവം ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ടു തന്നെ ആ നിയമസഭയില്‍ നിന്നു ലഭിക്കുന്ന അംഗീകാരം, അഭിമാനവുമാണ്. വലുതും ചെറുതുമായ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിലവിലുണ്ട്.
സാറ്റ്‌ലൈറ്റ് ചാനലുകള്‍, പത്ര മാധ്യമങ്ങള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ വൈബ്‌സൈറ്റുകളുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ വരെയുണ്ട് കൂട്ടത്തില്‍. വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഓരോ മിനിട്ടിലും മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ ഓരോരുത്തരും. അവയോടൊപ്പമാണ് അന്വേഷണം ന്യൂസും വാര്‍ത്തകളുടെ ലോകത്ത് അടിപതറായെ നിലകൊള്ളുന്നത്. വാര്‍ത്തകളിലും വീക്ഷണങ്ങളിലും നിരീക്ഷണത്തിലുമൊക്കെ അന്വേഷണം പുലര്‍ത്തിപ്പോന്ന,
തനതായ ശൈലിയും കാഴ്ചപ്പാടും എന്നും വായനക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുകയും സംവദിക്കുകയും ചെയ്തിരുന്നു. തിരുത്തപ്പെടേണ്ടവ ചൂണ്ടിക്കാട്ടിയും സമൂഹത്തിന് ആവശ്യമുള്ളവ തുറന്നുകാട്ടാന്‍ വഴികാട്ടുകയും ചെയ്താണ് വായനക്കാര്‍ അന്വേഷണത്തിനൊപ്പം ചേര്‍ന്നു നിന്നത്. ഓരോ അംഗീകാരങ്ങളും അന്വേഷണം ന്യൂസിനെ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാക്കുകയാണ് എന്ന തികഞ്ഞ ബോധ്യമുണ്ട്. വാര്‍ത്തകളും അതിനുപയോഗിക്കുന്ന വാക്കുകളും മനുഷ്യനും ചരാചരങ്ങള്‍ക്കും,
ഗുണപ്രദമാക്കണമെന്ന നിഷ്‌ക്കര്‍ഷയോടെ മാത്രമേ വാര്‍ത്തകളെ സമീപിക്കൂ എന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയാണ്. അംഗീകാരങ്ങളില്‍ മതിമറന്ന്, ആശയറ്റവരെയും അശരണരെയും തഴഞ്ഞ് കച്ചവട സംസ്‌ക്കാരത്തിലേക്ക് മുഖം തിരിക്കില്ലെന്നുറപ്പ്. സഹാനുഭൂതിയും, സഹിഷ്ണുതയും, സത്യസന്ധതയും നിറയുന്ന വാര്‍ത്തകള്‍ക്ക് ജീവന്റെ അത്രയും വിലയുണ്ട് എന്നു മറന്നു പോകാതെയാണ് ഓരോ ചുവടും മുന്നോട്ടു വെയ്ക്കുന്നത്.
അന്വേഷണണം ന്യൂസിന്റെ ഭൂതകാല യാത്രകളെല്ലാം അങ്ങനെ തന്നെയായിരുന്നു. ഇനിയും അങ്ങനെയാകും മുന്നോട്ടുള്ള യാത്രയും. ആ യാത്രയില്‍ വായനക്കാരും, സഹൃദയരും ഒപ്പം ചേര്‍ന്നു നടക്കുമെന്നു തന്നെയാണ് വിശ്വാസവും. നിയമസഭയുടെ അംഗീകാരം ലഭിക്കാന്‍ വഴിയൊരുക്കിയ അന്വേഷണം ന്യൂസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന് പ്രത്യേകം അഭിനന്ദനം.
ചീഫ് എഡിറ്റര്‍
സുല്‍ഫിക്കര്‍ സുബൈര്‍