മലപ്പുറത്ത് വീട്ടില്‍ നടന്ന പ്രസവത്തില്‍ യുവതി മരിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് വലിയ ആശങ്കയാണ് മെഡിക്കല്‍ മേഖലയിലുള്ളത്. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതികള്‍ക്ക് ആളുകള്‍ വിധേയരാകാന്‍ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇത്തരം കുറ്റകരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണമെന്നാണ് കേരളാ ഗസറ്റഡ് മെഡിക്കല്‍ ഓപീസേഴ്‌സ് അസസോസിയേഷന്‍ ആവശ്യപ്പെടുന്നതും.
ആഗോളതലത്തില്‍ തന്നെ ആരോഗ്യ സംബന്ധിയായ സൂചികകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിയ്ക്കുന്ന തരത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. പ്രത്യേകിച്ച് മാതൃ-ശിശു മരണ നിരക്കുകളില്‍. പൊതുജനാരോഗ്യ രംഗത്ത് വര്‍ഷങ്ങളായി നാം ആര്‍ജിച്ചെടുത്ത ഈ നേട്ടത്തിന്റെ ഗുണഫലങ്ങള്‍ ഇവിടുത്തെ ഓരോ പൗരന്റെയും അവകാശമാണ്. എന്നാല്‍ ചില തല്പരകക്ഷികളുടെ നിഷേധാത്മക നിലപാടുകള്‍ കേരളീയര്‍ക്ക് നിലവാരമുള്ള ചികിത്സ നിഷേധിക്കപ്പെടുന്നതിനും വിലപ്പെട്ട മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്.
പ്രതിവര്‍ഷം നടക്കുന്ന മൂന്നു ലക്ഷത്തോളം പ്രസവങ്ങളില്‍ ഭൂരിഭാഗവും ആശുപത്രികളില്‍ ആണെങ്കിലും ഇന്നും അഞ്ഞൂറോളം പ്രസവങ്ങള്‍ വീടുകളില്‍ നടക്കുന്നു എന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. അറിഞ്ഞോ അറിയാതെയോ അശാസ്ത്രീയമായ ചികിത്സാരീതികളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് ഇതിന് ഒരു പ്രധാന കാരണമാണ്. ഗര്‍ഭാവസ്ഥാവസ്ഥയിലും ജനിച്ചുവീണു കഴിഞ്ഞും കൃത്യമായ വൈദ്യസഹായം ലഭിക്കുക എന്നതും ആരോഗ്യത്തോടെ സമൂഹത്തില്‍ ജീവിക്കുക എന്നതും ഓരോ കുഞ്ഞിന്റെയും അവകാശമാണ്.
ഈ അവകാശം നിഷേധിക്കുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി ഉറപ്പാക്കുന്ന തരത്തില്‍ ശക്തമായ നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഇതിനായി അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുക എന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. വികസിത രാജ്യങ്ങളോട് താരതമ്യപ്പെടുത്താവുന്ന തരത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിന് ആരോഗ്യ രംഗത്ത് സര്‍ക്കാരിന്റെ പങ്കാളിത്തവും നിക്ഷേപവും ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
തടയാവുന്ന മാതൃ- ശിശു മരണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ക്ക് ലോകാരോഗ്യ സംഘടന ‘ആരോഗ്യകരമായ തുടക്കം – പ്രതീക്ഷാനിര്‍ഭരമായ ഭാവി ‘ എന്ന തലക്കെട്ടില്‍ ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7 ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമമായതും ആയ രീതിയില്‍ മാതൃ-ശിശു പരിരക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഡെലിവറി പോയിന്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട ഘട്ടമാണ്.
ഇതു സംബന്ധിച്ച് കെ.ജി.എം.ഒ.എ നേരത്തെ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഈ അവസരത്തില്‍ കൂടുതല്‍ പ്രസക്തമാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളും, മാനവ വിഭവ ശേഷിയും ഉറപ്പുവരുത്തിക്കൊണ്ട് 24 X 7 ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അനസ്‌തേഷ്യോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്ന ഡെലിവറി പോയിന്റുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ച്ചയായ ബോധവല്‍ക്കരണം കൊണ്ട് പൊതു സമൂഹത്തെ ശാക്തീകരിച്ചും, ആരോഗ്യ രംഗത്ത് നാം കൈവരിച്ച മികവാര്‍ന്ന നേട്ടങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിലോമശക്തികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടപ്പാക്കിയും , പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ ഉള്‍ക്കാഴ്ചയോടെയുള്ള നിക്ഷേപങ്ങള്‍ ഉറപ്പാക്കിയും മുന്നോട്ട് പോകണം. ഇതിനായി സര്‍ക്കാരിനൊപ്പം ക്രിയാത്മകമായ സഹകരണം കെ.ജി.എം.ഒ.എ ഉറപ്പു നല്‍കുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് ഒരു യുവതി വീട്ടില്‍ പ്രസവിച്ച് മരണത്തിനു കീഴടങ്ങിയത്. അന്ധ വിശ്വാസങ്ങളും, വൈദ്യശാസ്ത്രത്തോടുള്ള എതിര്‍പ്പും ഒരുപോലെ വില്ലനായ സംഭവമാണിത്. വൈകീട്ട് ആറിനാണ് ചട്ടിപ്പറമ്പിലെ വീട്ടില്‍ അസ്മ പ്രസവിച്ചത്. രക്തപ്രവാഹം നിലയ്ക്കാതെ മൂന്നുമണിക്കൂറോളം മരണവേദന അനുഭവിച്ച ശേഷം ഒന്‍പതുമണിയോടെ മരിക്കികയായിരുന്നു. അടുത്തദിവസം ഏഴുമണിയോടെയാണ് മൃതദേഹവും നവജാതശിശുവും പെരുമ്പാവൂരിലെ വീട്ടിലെത്തുന്നത്. ചോരയില്‍ കുളിച്ചെത്തിയ കുഞ്ഞിനെ നേരേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. പത്തുമണിക്കൂറിലേറെ സമയം ആ ചോരക്കുഞ്ഞ് ഒരിറ്റു മുലപ്പാല്‍പോലും നുണയാനാകാതെ, പരിചരണങ്ങളില്ലാതെ, ദേഹത്തെ ചോരപോലും തുടയ്ക്കാതെ, നാലുമണിക്കൂറോളം യാത്രയും ചെയ്ത് നേരേ അത്യാഹിതവിഭാഗത്തിലെ കിടക്കയിലേക്ക് എത്തുകയാണ് ചെയ്തത്.
ആ കുഞ്ഞിനോടു കാണിച്ച ക്രൂരത ആരെങ്കിലും ചര്‍ച്ചചെയ്തിരുന്നോ എന്നുപോലും സംശയം. മുലപ്പാല്‍ ഒരു കുഞ്ഞിന്റ ജന്മാവകാശമായിരിക്കെ ആരാണ് ഈ കുഞ്ഞിനു വേണ്ടി സംസാരിക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞിന് ഗ്ലൂക്കോസ് കുറഞ്ഞ് ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് അപസ്മാരം പോലുള്ള അവസ്ഥയിലേക്കു നയിക്കുകയും ചെയ്യും. ഭാവിയില്‍ ആരോഗ്യമുള്ള വ്യക്തിയായി വളരേണ്ട കുഞ്ഞിന് രാജ്യം നല്‍കുന്ന ഒരു സംരക്ഷണവും പരിചരണവും ലഭിക്കുന്നില്ല എന്നതാണ് വീട്ടുപ്രസവത്തിന്റ പ്രധാന പ്രശ്‌നം.
- മറിയം പൂവിന്റെ അത്േഭുത ശക്തിയും പ്രസവവും
വടക്കേ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കണ്ടുവരുന്ന ഈ മരുഭൂമി സസ്യത്തെ ചിലയിടങ്ങളില്‍ ‘സഫാദ് മറിയം’ എന്നും ‘കാഫ് മറിയം’ എന്നും വിളിക്കും. നമ്മുടെ നാട്ടില്‍ ‘മറിയംപൂവ്’ എന്നാണ് വിളിക്കുക. ഇതിന്റെ ശരിക്കുള്ള പേര് ‘ജെറിക്കോ റോസ്’ എന്നാണ്. ശാസ്ത്രീയനാമം ‘അനസ്മാറ്റിക്ക ഹിറോഷന്റിക്ക’. പടര്‍ന്ന ഇലകളുള്ള ഈ ചെടി ഉണങ്ങിയാല്‍ പന്തുപോലെ ചുരുളും. ഈ ചുരുള്‍ വെള്ളത്തിലിട്ടാല്‍ വീണ്ടും വിടരുകയും ചെയ്യും. ഈ പൂവിനെപ്പറ്റി കുറേ കെട്ടുകഥകളുണ്ട്.
പല അസുഖങ്ങള്‍ക്കും മരുന്നാണെന്നും സുഖപ്രസവത്തിനു സഹായിക്കുമെന്നും പ്രചരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഒന്നിനും ശാസ്ത്രീയമായ അടിത്തറയില്ല. ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. ചിലര്‍ ഇതിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് കുടിക്കാന്‍ കൊടുക്കും. ചിലര്‍ ഗര്‍ഭിണിയുടെ കട്ടിലിനുതാഴെ ഒരുപാത്രത്തിലെ വെള്ളത്തിലിട്ടുവെക്കും. വിടര്‍ന്നാല്‍ സുഖപ്രസവമാണെന്നാണു വിശ്വാസം. ഇത് സ്വാഭാവികമായും വിടരുകയും ചെയ്യും.
സുഖപ്രസവമാണെങ്കില്‍ പിന്നെ ആശുപത്രിയില്‍ പോകേണ്ടതില്ലെന്നും വീട്ടില്‍ത്തന്നെ പ്രസവിച്ചാല്‍ മതിയെന്നും വീട്ടുകാര്‍ തീരുമാനിക്കുമ്പോഴാണ് ഈ പൂവ് അപകടകാരിയായി മാറുന്നത്. ഇത്തരം സംഭവങ്ങളും ജില്ലയില്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന കഥകളെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് പല മതപുരോഹിതന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മറിയംപൂവ് ഒരു അദ്ഭുതപൂവായി ഇപ്പോഴും പലവീടുകളിലും വിടരുന്നുണ്ട്. ഇത് നിയമം മൂലമല്ലാതെ തടയാനാകില്ലെന്നാണ് കെ.ജി.എം.ഒ.എയും പറയുന്നത്
CONTENT HIGH LIGHTS; Home birth deaths are increasing: Houses where Mariam Poovu blooms; It is a serious issue that people are willing to undergo treatments that have no scientific basis; Delivery points are needed in all districts; Strong legislation is needed to prevent it