കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. അതുകൊണ്ട് തന്നെ പുനസംഘടനയിൽ വിയർക്കുകയാണ് ഹൈകമാൻഡ്. എത്രയും പെട്ടെന്ന് രാജ്യമൊട്ടാകെ പുനസംഘടന എന്ന എഐസിസി തീരുമാനം കേരളത്തിൽ നടപ്പിലാക്കുക എന്നുള്ളതാണ് പ്രധാന വെല്ലുവിളി. നിലവിലെ പ്രസിഡന്റെ് കെ സുധാകരനും പ്രതിപക്ഷ നേതാവും തമ്മിലുള്ള അനൈക്യം തന്നെയാണ് പുനസംഘടന താമസിക്കുന്നതിന് പ്രധാന കാരണം. പ്രസ് മീറ്റിലിരുന്ന് പരസ്പരം പച്ചതെറി വിളിച്ചതൊക്കെ ഇതിന്റെ ബാക്കിയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
പുതിയ കെപിസിസി പ്രസിഡന്റ് പോലെ എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നാതാണ് കേന്ദ്ര താത്പര്യം. എന്നാൽ മതിയായ പരിഗണന നൽകാതെ ആരും വിട്ടു കൊടുക്കില്ലെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. എല്ലാ ജില്ലകളിലും എല്ലാ ഗ്രൂപ്പുകൾക്കും അർഹമായ പരിഗണന ലഭിക്കണമെന്നാണ് ആവശ്യം. പുതിയ തലമുറയുടെ ന്യു ജനറേഷൻ ഗ്രൂപ്പിനും അർഹമായ പരിഗണന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡിന് താത്പര്യം പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയെയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ സ്വദേശിയായ ആന്റോയെ പ്രസിഡന്റാക്കിയാൽ ക്രെെസ്തവ വോട്ടർമാർ ഒപ്പം ചേരുമെന്ന് സഭകളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കാത്തോലിക്ക സഭാംഗമാണ് ആന്റോ ആന്റണി. ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള പത്തനംതിട്ടയിൽ നിന്ന് തുടർച്ചയായി എംപി ആയതും ആന്റോയെ തുണയ്ക്കും. വഖഫ് വിഷയത്തിൽ ബിജെപി ക്രിസ്ത്യാനികളെ ഒപ്പം കൂട്ടാൻ ശ്രമിക്കുമ്പോൾ ആന്റോയെ പോലൊരാൾ നേതൃത്വത്തിലേക്ക് വന്നാൽ ചർച്ചകൾ ഫലിക്കുമെന്നും കൂടുതൽ നേട്ടമുറപ്പാക്കാമെന്നുമാണ് കേന്ദ്ര വിലയിരുത്തൽ. പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയാൽ കോട്ടയത്തെ നസ്രാണി സമൂഹത്തിനിടയിൽ കാര്യമായ ചലനം സൃഷ്ടിക്കാനാകുമെന്നാണ് ആന്റോ ആന്റണിയുടെയും വിലയിരുത്തൽ.
content highlight: KPCC President