ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-ലാണ് വിരമിച്ചത്.
ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് പുതുതലമുറ ബഹിരാകാശ പേടകങ്ങളുടെയും, ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ (IRS-1A & 1B) എന്നിവയുടെയും ശാസ്ത്രീയ ഉപഗ്രഹങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
കസ്തൂരിരംഗൻ ഐഎസ്ആർഒ ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) വിജയകരമായി വിക്ഷേപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത്.
ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I & IIന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
1971 ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തുകൊണ്ട് എക്സ്പിരിമെന്റൽ ഹൈ എനർജി ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.