ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്കയിൽ ലോകരാജ്യങ്ങൾ. പാകിസ്താനിലുള്ള പൗരന്മാരെ അമേരിക്ക തിരികെ വിളിച്ചു. ലാഹോറിലടക്കം ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം. പാകിസ്താനിൽ നിന്ന് തിരികെ വരികയോ എംബസിയുമായി ബന്ധപ്പെട്ട് പൗരന്മാർ സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അമേരിക്ക നിർദേശം നൽകി.ലാഹോർ അടക്കമുള്ള നഗരങ്ങളിൽ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കനത്ത നാശം വിതച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഇന്നലെ രാത്രി നടത്തിയ നീക്കത്തിനാണ് ഇന്ത്യൻ മറുപടി. ഡ്രോണുകളും മിസൈലുകളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണശ്രമം ഇന്ത്യ ചെറുത്തു. ഇതിന് മറുപടിയായാണ് പാകിസ്താന്റെ വിവിധയിടങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം.
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലോകത്തിന് താങ്ങാനാവില്ലെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവർത്തിച്ചു. പകരത്തിന് പകരം കഴിഞ്ഞെന്നും ഇരു രാജ്യങ്ങളും ഇനി നിർത്തുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ സംഘർഷം ഭീകരമാണ്. ഇരു രാജ്യങ്ങളെയും തനിക്ക് നന്നായി അറിയാം. പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമെന്ന് യുകെ എംപി പ്രീതി പട്ടേൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും യുകെ എംപി പറഞ്ഞു. ഹൌസ് ഓഫ് കോമൺസിലായിരുന്നു പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചുള്ള പരാമർശം.
അതിനിടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി , ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഇന്ത്യയിലെത്തി.പാക് വിദേശകാര്യ മന്ത്രി ഇഷാക് ദറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഇന്ത്യ സന്ദർശനം. ഇന്ത്യാ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, സംഘർഷത്തിനിടെ സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രി ആദേൽ അൽജുബൈറും ഇന്ത്യയിലെത്തി . വെറുപ്പും അക്രമവും പൊതുശത്രുക്കളാണെന്നും ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്നും മലാല യൂസഫ്‌സായി ആവശ്യപ്പെട്ടു.