പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഇനിയും പ്രകോപനമുണ്ടായാല്‍ ഉചിതമായ പ്രതികരണം നല്‍കാന്‍ രാജ്യം സജ്ജമാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെയും രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയുടെ ശാക്തീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നല്‍ നല്‍കിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് സൈനിക നീക്കങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പ്രതിരോധം പരമാധികാരം എന്നതായിരുന്നു ഫോര്‍മുലയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാകിസ്താനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഡ്രോണിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് മുമ്പാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്.നിലവില്‍ ഇസ്‌ലാമാബാദില്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരുകയാണ്.