ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇന്ന് രാവിലെ മുതൽ പാകിസ്താൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് പിഐബി പൊളിച്ചത്. ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രോൺ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രചാരണം. എന്നാല്‍ ഈ പാക് അവകാശവാദമെല്ലാം ഇന്ത്യ നിഷേധിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വ്യാജ വാർത്തകളാണ് പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രചരിക്കുന്നത്. ഭട്ടിൻഡ എയർഫീൽഡ് തകർത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിൻഡ എയർഫീൽഡ് പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.