India

രാജസ്ഥാനിൽ വീണ്ടും ബ്ലാക്ക് ഔട്ട് , നിരോധന ബഫർ സോൺ ഏർപ്പെടുത്തി

ഈ മേഖലയിലെ സംശയാസ്പദമായ പ്രവർത്തനങ്ങളോ വ്യക്തികളോ കർശനമായ നിയമനടപടികൾക്ക് വിധേയമാക്കും

ജാ​ഗ്രതയുടെ ഭാ​ഗമായി രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ തുടങ്ങിയ ജില്ലകളിൽ ഇന്നും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറുമണി വരെയാണ് ബ്ലാക്ക് ഔട്ട്‌. ജാഗ്രതയുടെ ഭാഗമായാണ് ബ്ലാക്ക് ഔട്ട് എന്ന സർക്കാർ അറിയിപ്പ്. ജില്ലകളിലെ എല്ലാ താമസക്കാരും വീടുകളിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ വിളക്കുകളും ഓഫ് ചെയ്യണമെന്ന് ഔദ്യോഗിക അറിയിപ്പിൽ അഭ്യർത്ഥിക്കുന്നു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രാത്രി സഞ്ചാരം കർശനമായി നിരോധിച്ചിരിക്കും.

പ്രതിരോധ മേഖലയ്ക്ക് ചുറ്റും 5 കിലോമീറ്റർ പരിധിയിൽ പ്രവേശന നിരോധന ബഫർ സോൺ ഏർപ്പെടുത്തിയിട്ടുണ്ട്, ഈ മേഖലയിലെ സംശയാസ്പദമായ പ്രവർത്തനങ്ങളോ വ്യക്തികളോ കർശനമായ നിയമനടപടികൾക്ക് വിധേയമാക്കും. കൂടാതെ, ഡ്രോണുകളുടെ പ്രവർത്തനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു, കൂടാതെ ജില്ലയിലുടനീളം പടക്കങ്ങളോ വെടിക്കെട്ടോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം പൂർണ്ണമായും സഹകരിക്കാനും ഉത്തരവുകൾ പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയാൽ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്നും അതിനടുത്ത് പോകുകയോ ചിത്രങ്ങൾ എടുക്കുകയോ വീഡിയോകൾ റെക്കോർഡുചെയ്യുകയോ ചെയ്യരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.പൊതുജനങ്ങൾ സംശയാസ്പദമായ വസ്തുവിൽ നിന്ന് 100 മീറ്റർ അകലം പാലിക്കണം.

ചില പ്രദേശങ്ങളിൽ വെടിക്കോപ്പുകളും സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തിയതായി ജയ്സാൽമീർ പൊലീസ് സൂപ്രണ്ട് (എസ്പി) സുധീർ ചൗധരി നേരത്തെ പറഞ്ഞിരുന്നു. ഇത്തരം വസ്തുക്കൾ കണ്ടാൽ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും അത്തരം സംശയാസ്പദമായ വസ്തുക്കളുടെ അടുത്തേക്ക് പോകരുതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച, ജയ്സാൽമീറിലെ പൊഖ്‌റാനിൽ നിന്ന് കണ്ടെത്തിയ ഒരു വലിയ പാകിസ്താൻ മിസൈലിന്റെ ഒരു ഭാഗം ഇന്ത്യൻ സായുധ സേന നിർവീര്യമാക്കിയിരുന്നു.