Travel

ട്രോളി ബാ​ഗിന് ചക്രങ്ങൾ വന്നതെപ്പോഴാണ് ? അറിയാം ചരിത്രം

ഒരു യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോവാനും എടുത്ത് വയ്ക്കാനും സഞ്ചാരം എളുപ്പമാക്കി തരുന്നത് ട്രോളി ബാഗാണ്. ബാഗിന് ചക്രം ഉള്ളതിനാല്‍ തന്നെ വലിച്ചു കൊണ്ടു പോകാനാവും എന്നതാണ് ഗുണം. ശരിക്കും ട്രോളി ബാഗിന്റെ ചരിത്രം എങ്ങനെയാണെന്ന് അറിയാമോ ?

50 വർഷങ്ങൾക്ക് മുൻപ്, മാസച്യുസിറ്റ്‌സ് ലഗേജ് കമ്പനിയുടെ മുൻ വൈസ് പ്രസിഡന്‍റായ ബെർണാഡ് ഡി സാഡോ പുതിയ ആശയം മുന്നോട്ടു വച്ചു. ഒരു വിമാനയാത്രക്കിടെ, രണ്ട് വലിയ സൂട്ട്കേസുകൾ വഹിച്ച് പാടുപെടുന്ന ഒരാളെ കണ്ട സാഡോ, ഒരു വിമാനത്താവള ജീവനക്കാരൻ സാധനങ്ങൾ കൈവണ്ടിയിൽ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് ഒരു ആശയം തോന്നിയത്. ‘എന്തുകൊണ്ട് സൂട്ട്കേസുകൾ തന്നെ ചക്രങ്ങളോടുകൂടി ഉണ്ടാക്കിക്കൂടാ?’

അങ്ങനെയാണ് ആദ്യത്തെ റോളിങ് സ്യൂട്ട്കേസ് രൂപകൽപന ചെയ്തത്. അങ്ങനെ കാലക്രമേണ റോളിങ് സ്യൂട്ട്കേസ് ജനപ്രിയമായി.

20 വർഷങ്ങൾക്ക് ശേഷം റോബർട്ട് പ്ലാത്ത് റോളിം​ഗ് ബാ​ഗിന് പുതിയ കെട്ടും മട്ടും നൽകി. അതുവരെയുള്ള പോരായ്മകൾ മറികടക്കുന്ന പുതിയ ഡിസൈൻ വളരെപ്പെട്ടന്ന് സ്വീകാര്യത നേടി. കുത്തനെയുള്ള ബാ​ഗിന്റെ താഴെ വീലുകളും മുകളിൽ ഹാൻഡിലുമൊക്കെ ആയതോടെ ട്രോളി ബാ​ഗിന് പുതിയൊരു പ്രൗഢി വന്നു. ആ ഡിസൈനിലും കാലക്രമേണ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തിയാണ് ഇന്ന് നമ്മൾ കാണുന്ന തരം ട്രോളി ബാ​ഗുകൾ ഉണ്ടായത്.