കഴിഞ്ഞ വർഷം ഇട്ട ദോശ/ഇഡ്ഡലി ചട്ണി പൊടി പോസ്റ്റിൽ ചേരുവകളുടെ അളവുകൾ ഇല്ലാത്തതിനെ കുറിച്ച് പലരും പരിഭവം പറഞ്ഞിരുന്നു. ആയതിനാൽ ഇന്നുണ്ടാക്കിയ ചട്ണി പൊടിയെ കുറിച്ചുള്ള കുറിപ്പ് ചേരുവകളുടെ അളവുകൾ സഹിതമാണ്. ഓരോരുത്തരുടെയും രുചിഭേദം അനുസരിച്ച് ചേരുവകളിൽ-പ്രത്യേകിച്ചും മുളകിന്റെ എണ്ണത്തിൽ- ഉചിതമായ മാറ്റങ്ങൾ ആകാം.
ഉഴുന്ന് പരിപ്പ് – 1 കപ്പ്
കടല പരിപ്പ് – 1 ടേബിൾ സ്പൂൺ
മല്ലി – 1ടേബിൾ സ്പൂൺ
കാശ്മീരി മുളക് – 10
വറ്റൽ മുളക് – 5
കായം പൊടി – 1 ടീസ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില
പാനിൽ എണ്ണ ചൂടാക്കി ഉഴുന്നു പരിപ്പ്, കടല പരിപ്പ്, മല്ലി എന്നിവ വറുത്തതിലേക്ക് (ഉഴുന്നു പരിപ്പിന്റെ നിറം തവിട്ട് ആകുന്നത് വരെ), വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് തീ കുറച്ച് വറുത്തു (ഉഴുന്നു പരിപ്പ് സ്വർണ്ണ തവിട്ട് നിറമാകുന്നതു വരെ). തീ അണച്ച ശേഷം കായം പൊടിയും ഉപ്പും വിതറി തണുത്ത ശേഷം പൊടിച്ചത്.
വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ മാസങ്ങളോളം കേടാകില്ല. വെളിച്ചെണ്ണയോ എള്ളെണ്ണയോ ചേർത്ത് ഉപയോഗിക്കാം.