ഓപ്പറേഷൻ സിന്ദൂറിനുശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു. കൂടാതെ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അസ്ഥിരത ഉടലെടുത്തതോടെ ഇതേ കാലയളവിൽ സമാനമായ എണ്ണം കുടിയേറ്റക്കാരാണ് സ്വമേധയാ നാടുകടന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ ബംഗ്ലാദേശ് അതിർത്തികളിലാണ് സർക്കാർ നടപടി പുരോഗമിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണം ആദ്യം ആരംഭിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്, നാടുകടത്തപ്പെട്ടവരിൽ പകുതിയോളം പേരും ഇവിടെ നിന്നാണ് എന്നാണ് വിവരം.
ഡൽഹിയും ഹരിയാനയും കുടിയേറ്റക്കാരെ വൻതോതിൽ തിരിച്ചയച്ചിട്ടുണ്ട്, ബാക്കിയുള്ളവരെ അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയതായും വൃത്തങ്ങൾ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും രേഖകൾ പരിശോധിച്ചതിന് ശേഷമാണ് അത്തരം അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നത്.
ഏപ്രിലിലെ പഹൽഗാം ആക്രമണത്തെത്തുടർന്ന് ആണ് ഈ വഴിക്കുള്ള നടപടികൾ ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂരിനുശേഷം, ഇത് കൂടുതൽ വേഗത്തിലായി. ആദ്യം ഗുജറാത്തിലും തുടർന്ന് ഡൽഹിയും ഹരിയാനയും കേന്ദ്രീകരിച്ച് നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ സംസ്ഥാനങ്ങളിലേക്കും നടപടി വ്യാപിപ്പിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കി വരികയാണ്.

















