നാലുമണിക്ക് കഴിക്കാൻ ഒരു കിടിലൻ മധുര പലഹാരം ആയാലോ. എങ്കിൽ അതിന് പറ്റിയ ഒരു നാലുമണി പലഹാരമാണ് മടക്ക് സാൻ. മടക്ക് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ തയാറാക്കിയാലോ ഈ വിഭവം.
ചേരുവകൾ
മൈദ- ഒരു കപ്പ്
ഗോതമ്പുപൊടി- അര കപ്പ്
അരിപ്പൊടി- 3 ടേബിൾ സ്പൂൺ
നെയ്യ്- ഒരു ടേബിൾസ്പൂൺ+കാൽക്കപ്പ്
പഞ്ചസാര- ഒരു കപ്പ്
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ള – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ മൈദ, ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. ഇതിലേക്ക് ഇനി നിറത്തിനായി അൽപ്പം മഞ്ഞൾപൊടി ചേർക്കാം. ഇനി ഇതിലേക്ക് ചെറിയ അളവിൽ വെള്ളം ചേർത്ത് ചപ്പാത്തി മാവിൻ്റെ പരുവത്തിൽ കുഴച്ചെടുക്കണം. ഏകദേശം അഞ്ച് മിനിറ്റോളം ഇങ്ങനെ കുഴക്കുന്നത് തുടരണം. എന്നിട്ട് അൽപ്പം എണ്ണ തടവി മുക്കാൽ മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കണം.
ഇനി നെയ്യ് ഉരുക്കി ഇതിലേക്കു മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കണം. ഇനി മാവ് ഒരേ വലുപ്പത്തിലുള്ള ഏഴ് ഉരുളകളാക്കി മാറ്റണം. ശേഷം അൽപം പൊടി വിതറി ഏഴ് ചപ്പാത്തി കനം കുറച്ച് പരത്തുക. ഒരു ചപ്പാത്തിയുടെ മുകളിലേക്കു നെയ്യും അരിപ്പൊടിയും ചേർന്ന മിശ്രിതം ഒരു ബ്രഷ് വച്ചു തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് അടുത്ത ചപ്പാത്തി വയ്ക്കുക. ഏഴ് ചപ്പാത്തിയും ഈ രീതിയിൽ നെയ്യ് പുരട്ടി അടുക്കി വയ്ക്കുക.ഏറ്റവും മുകളിലും നെയ് മിശ്രിതം പുരട്ടി ഒന്നിച്ച് നീളത്തിൽ ചുരുട്ടി എടുക്കുക.വശങ്ങൾ അല്പം മുറിച്ചു മാറ്റിയതിനു ശേഷം ഇതിനെ 10 – 12 കഷണങ്ങളാക്കി മുറിക്കുക.അല്പം പൊടി വിതറി ഓരോ കഷണങ്ങളും നീളത്തിൽ പരത്തിയെടുക്കണം.
ഇനി ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പരത്തി എടുത്ത മടക്ക് ഇട്ട് വറുത്തെടുക്കാം. വറുത്തുകൊണ്ടിരിക്കുമ്പോൾ സ്പൂൺ ഉപയോഗിച്ച് ചൂട് എണ്ണ മടക്കിൻ്റെ മുകളിലേക്ക് ഒഴിച്ചു കൊണ്ടേയിരിക്കണം. ഒരു പാത്രത്തിൽ പഞ്ചസാരയും, അരക്കപ്പ് വെള്ളവും, ഏലയ്ക്കാപ്പൊടിയും ചേർത്ത് തിളപ്പിക്കണം. പഞ്ചസാര നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് തയാറാക്കിയ മടക്കുകൾ ഓരോന്നായി പഞ്ചസാര ലായിനിയിൽ മുക്കി എടുക്കണം.
story highlight: Madakku