ബാക്കിയായ ചോറ് ഇനി കളയേണ്ട, കിടിലൻ സ്വാദിൽ ഒരു സ്നാക്ക് ഉണ്ടാക്കാം. വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഈ സ്നാക്ക് തയ്യാറാക്കിനോക്കൂ..
ആവശ്യമായ ചേരുവകൾ
- വേവിച്ച ചോറ്- 1 കപ്പ്
- ഉരുളക്കിഴങ്ങ്- 2
- സവാള- 1/4 കപ്പ്
- കാരറ്റ്- 1/4 കപ്പ്
- ക്യാപ്സിക്കം- 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- 1/2 ടേബിൾസ്പൂൺ
- വെളുത്തുള്ളി പൊടിച്ചത്- 1/2 ടേബിൾസ്പൂൺ
- കോൺഫ്ലോർ- 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് ബാക്കി വന്ന ചോറിൽ നിന്ന് ഒരു കപ്പെടുക്കാം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള, ക്യാപ്സിക്കം, കാരറ്റ്, എന്നിവ കാൽ കപ്പ് ചേർക്കാം. ഇടത്തരം വലിപ്പമുള്ള രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടയ്ക്കാം. ഇതും ചോറിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം. മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ, ലഭ്യമെങ്കിൽ മോസറില്ല ചീസ് ഗ്രേറ്റ് ചെയ്തതും ചേർക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കാം.
മറ്റൊരു ബൗളിൽ അര കപ്പ് വെള്ളത്തിലേയ്ക്ക് 4 ടേബിൾസ്പൂൺ കോൺഫ്ലോറെടുത്ത് കലക്കി വയ്ക്കാം. ചോറും പച്ചക്കറികളും ഇളക്കി യോജിപ്പിച്ചതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കാം. ഇത് കോൺഫ്ലോർ മിശ്രിതത്തിലും, ബ്രെഡ് പൊടിച്ചതിലും മുക്കി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ തിളച്ചു വരുമ്പോൾ തീ കുറച്ച് ഉരുളകൾ അതിലേയ്ക്കു ചേർത്ത് വറുത്തെടുക്കാം. മുകളിൽ കുറച്ച് പെരിപെരി മസാല വിതറി ചൂടോടെ കഴിച്ചു നോക്കൂ.