കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് തുടരുകയാണ്. ഇന്നും നാളെയും (ജൂൺ 17 -18 ) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ജൂൺ 17 മുതൽ 18 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പിൽ പറയുന്നു.
കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.