18 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് തടയുന്നതിനായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്’ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യുമെന്ന് സുപ്രിം കോടതിയെ അറിയിച്ചു. ഇത്തരം രജിസ്‌ട്രേഷനുകള്‍ തടയുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയമപരമായ ബാധ്യതയാക്കി മാറ്റുമെന്നും കേന്ദ്രം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച ഉറപ്പ് നല്‍കിയത്.രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാഭ്യാസ വെബ്സൈറ്റുകളിലെ അംഗത്വം തുടരാമെന്ന് മേത്ത കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിയമപരമായ പിന്തുണ ആവശ്യമാണെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും അവ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെറും മാര്‍ഗനിര്‍ദേശങ്ങളായി മാത്രം നിലനില്‍ക്കാതെ,നിയമപരമായ രൂപത്തില്‍ കൊണ്ടുവരുന്നത് പരിഗണിക്കാനും അതിന്റെ പ്രതികരണം അറിയിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോമുകളുടെ സോഫ്റ്റ്വെയറുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതായിരിക്കണം എന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ബാഗ്ചി, ഇന്ത്യയിലെ പ്രായപരിധി വ്യവസ്ഥകള്‍ പാലിക്കുന്നതിനായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് തങ്ങളുടെ സിസ്റ്റങ്ങളില്‍ പുനഃസംഘടന വരുത്തേണ്ടി വരുമെന്ന് വ്യക്തമാക്കി.
18 വയസെന്ന പ്രായപരിധി ലംഘിക്കപ്പെടാതിരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ അംഗത്വ സംവിധാനങ്ങള്‍ പരമാവധി കൃത്യതയോടെ ക്രമീകരിക്കണമെന്നും സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. ‘ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ്’ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്.എസ് ഫൂല്‍ക്കയാണ് സംഘടനക്ക് വേണ്ടി ഹാജരായത്. ഇന്ത്യന്‍ നിയമപ്രകാരം 18 വയസ് തികയാത്തവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. നിയമപരമായി യാതൊരുവിധ കരാറുകളിലും സ്വന്തമായി ഒപ്പുവെക്കാനോ പങ്കാളിയാകാനോ ഇവര്‍ക്ക് അവകാശമില്ല. എന്നാല്‍ ഈ നിയമത്തിന് വിരുദ്ധമായി ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ 13 വയസ് മുതല്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ കുട്ടികളെ അനുവദിക്കുന്നുവെന്ന് ഹരജി വ്യക്തമാക്കുന്നു.
അതേസമയം, കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നില്ല. പകരം, അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നിര്‍ബന്ധിത സമ്മതവും കൃത്യമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും വേണമെന്നാണ് ആവശ്യം. പ്രായം ഉറപ്പുവരുത്തുന്നതില്‍ നിലവിലുള്ള വീഴ്ചകള്‍ കാരണം കുട്ടികള്‍ ഓണ്‍ലൈന്‍ ഗ്രൂമിംഗ്, സെക്‌സ്റ്റോര്‍ഷന്‍ സൈബര്‍ ബുളീയിംഗ്, ലൈംഗിക ചൂഷണം, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവയ്ക്ക് ഇരയാകുന്നുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അറസ്റ്റില്‍
പ്രഥമദൃഷ്ട്യാ ഈ വിഷയം ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതായി തോന്നുന്നുവെന്ന് മേത്ത പറഞ്ഞു. നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും 2027 മുതല്‍ മാത്രമേ ബാധകമാകൂ എന്നും ഫൂല്‍ക്ക വാദിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ നടപ്പിലാക്കാവുന്ന നിയമങ്ങള്‍ ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. ഭേദഗതി എപ്പോള്‍ അറിയിക്കുമെന്നോ, പ്ലാറ്റ്ഫോമുകളുടെ പ്രായം എങ്ങനെ പരിശോധിക്കുമെന്നോ, പാലിക്കാത്തതിന് എന്ത് പിഴകള്‍ നേരിടേണ്ടിവരുമെന്നോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.















