പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് സൈന്യത്തിനു നേരെ കനത്ത നാശനഷ്ടങ്ങൾ വിതച്ച് ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ തുടർച്ചയായ സായുധ ആക്രമണങ്ങൾ. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), തങ്ങളുടെ പുതുതായി രൂപീകരിച്ച ആദ്യ വനിതാ സായുധ വിഭാഗമായ കരിമ ആംഡ് അസോൾട്ട് ഡിവിഷൻ (കെഎഎഡി) നടത്തിയ ആദ്യ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. പാക്ക് സൈനിക വ്യൂഹത്തിനു നേരെ വനിതാ പോരാളികൾ വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പാക്ക് സൈന്യത്തിന്റെ ക്വിക്ക് റെസ്പോൺസ് ഫോഴ്സിനു (ക്യുആർഎഫ്) നേരെയാണ് വനിതാ വിഘടനവാദികൾ ആക്രമണം നടത്തിയത്. കമാൻഡറായ വനിത, ദൗത്യത്തെക്കുറിച്ച് പോരാളികൾക്ക് നിർദേശം നൽകുന്നതും, തുടർന്ന് പാക്ക് സൈനിക വാഹനങ്ങൾക്ക് തൊട്ടടുത്ത് ചെന്ന് റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒൻപത് പാക്ക് സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും ബിഎൽഎഫ് വക്താവ് മേജർ ഗ്വാഹ്രാം ബലൂച് അവകാശപ്പെട്ടു.
കാനഡയിലെ ടൊറന്റോയിൽ 2020ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബലൂച് സ്വാതന്ത്ര്യസമര പ്രവർത്തകയും ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുൻ ചെയർപഴ്സനുമായ കരിമ ബലൂചിന്റെ സ്മരണാർഥമാണ് വനിതാ സായുധ വിഭാഗത്തിനു പേര് നൽകിയിരിക്കുന്നത്. ബലൂചിസ്ഥാനിലെ സർക്കാർ അടിസ്ഥാന സൗകര്യങ്ങളെയും പാക്ക് സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് വിഘടനവാദി ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ അടുത്ത കാലത്തായി വൻതോതിൽ വർധിച്ചിരിക്കുകയാണ്. കനത്ത ജീവഹാനിയാണ് പാക്ക് സൈന്യത്തിന് ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.















