കുഞ്ഞുങ്ങള്‍ക്ക് എന്ത് ഭക്ഷണം കൊടുക്കണമെന്ന കാര്യത്തില്‍ പലരില്‍ നിന്നായി പലതരം ഉപദേശങ്ങള്‍ ലഭിക്കുന്നവരാണ് മാതാപിതാക്കള്‍. പരസ്യങ്ങളിലെ സൂപ്പര്‍ഫുഡ് മുതല്‍ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ നാടന്‍ വിഭവങ്ങള്‍ വരെ ഇതിലുണ്ടാകാം.
ഇത്തരത്തില്‍ ലഭിക്കുന്ന ഈ ഉപദേശങ്ങള്‍ മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. എന്നാല്‍ ആദ്യത്തെ ആറ് മാസത്തേക്ക് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷണങ്ങളും ഊര്‍ജ്ജവും നല്കാന് മുലപ്പാലിന് കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഏതൊരു ബേബി ഫുഡിനും ഫോര്മുലയ്ക്കും പകരം വയ്ക്കാനില്ലാത്ത തരം എളുപ്പം ദഹിക്കുന്ന പോഷണങ്ങള്‍ മുലപ്പാല്‍ കുഞ്ഞിന് നല്‍കും. പ്രതിവര്‍ഷം അഞ്ച് വയസ്സിന് താഴെയുള്ള എട്ട് ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജീവന് സംരക്ഷിക്കാനും സ്തനാര്‍ബുദം ബാധിച്ചുള്ള 20,000 മരണങ്ങള് തടയാനും മുലയൂട്ടല്‍ സഹായിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആറ് മുതല്‍ 12 മാസം വരെയുള്ള കാലയളവിലും ഊര്‍ജ്ജാവശ്യങ്ങളുടെ പാതിയിലധികം നിറവേറ്റാന്‍ മുലപ്പാലിന് സാധിക്കും. ഈ ഘട്ടത്തില്‍ പച്ചക്കറികളും പഴങ്ങളും ചെറുതായി നല്കാന് ആരംഭിക്കാം. എന്നാല്‍ വാണിജ്യമായി ലഭിക്കുന്ന ബേബി ഫുഡുകള്‍ അവയിലെ കൃത്രിമ നിറങ്ങളും അമിതമായ പഞ്ചസാരയും മൂലം കുട്ടികളില്‍ ഹൈപ്പര്‍ ആക്ടീവിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
അവയിലെ ചില പ്രിസര്‍വേറ്റീവുകളും അലര്‍ജിക് പ്രതികരണങ്ങള്‍ക്ക് കാരണമാകാം. പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളുമെല്ലാം ഫോര്‍മുല മില്‍ക്കും സംസ്കരിച്ച ബേബി ഫുഡും തിരഞ്ഞെടുക്കാന്‍ മാതാപിതാക്കളെ സ്വാധീനിക്കാറുണ്ട്.
അമിതമായി പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ പായ്ക്ക് ചെയ്തതും പുറത്ത് നിന്നു വാങ്ങുന്നതുമായ ജ്യൂസുകളും കുട്ടികള്‍ക്ക് അത്ര നന്നാകില്ല. പരസ്യങ്ങളില്‍ കാണുന്ന സിറിയലുകള്‍ കുട്ടിക്ക് നല്‍കുന്നത് അവരുടെ നാഡീവ്യൂഹ വളര്‍ച്ചയെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കിയേക്കാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവ പകരം നല്‍കണം.