വീട് നിര്‍മ്മിക്കാന്‍ ട്രാന്‍സ്‌ജെന്റര്‍ ഇറക്കിവെച്ച ഒരു ലോഡ് കരിങ്കല്ലും 150 താബൂക്കും 100 ചുടുകല്ലും അയല്‍വാസികള്‍ കടത്തികൊണ്ടുപോയിട്ടും കേസെടുക്കാന്‍ വിസമ്മതിച്ച പോലീസിന്റെ നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പരാതിക്കാരിക്ക് നിര്‍ദ്ദേശം നല്‍കി.
ആരും സഹായിക്കാനില്ലാത്ത സാമ്പത്തികവും സാമൂഹികവുമായി പ്രയാസപ്പെടുന്ന ട്രാന്‍സ്‌ജെന്റര്‍ കിളിമാനൂര്‍ കാനാറ സ്വദേശി ഇന്ദിരക്ക് സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയമസഹായം നല്‍കണമെന്ന് കമ്മീഷന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ സബ് ജഡ്ജിന് നിര്‍ദ്ദേശം നല്‍കി.ഈ പരാതിയില്‍ 2024 ഡിസംബര്‍ 6ന് കമ്മീഷന്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് വേണ്ടി ഹാജരായ കിളിമാനൂര്‍ എസ്.എച്ച്.ഒയെ കമ്മീഷന്‍ നേരില്‍ കേട്ടു.
പരാതിക്കാരിയുടെ കരിങ്കല്ലോ മറ്റ് സാധനങ്ങളോ കടത്തികൊണ്ടു പോയതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും ആരോപണത്തിന് കാരണമായ വഴിത്തര്‍ക്കം സിവില്‍ കോടതി വഴി പരിഹരിക്കേണ്ട വിഷയമാണെന്നും കിളിമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഡി.വൈ.എസ്.പി കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2023 മേയ് 27ന് പരാതികക്ഷി ഇറക്കിയ സാധനസാമഗ്രികള്‍ അയല്‍വാസികള്‍ ലോറിയില്‍ കടത്തികൊണ്ടു പോയതായി ഒരു സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്.
ഇതില്‍ നിന്നും പരാതിയില്‍ കഴമ്പുണ്ടെന്നും ശരിയായ അന്വേഷണം നടക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ വിപരീത മൊഴികള്‍ മാത്രം കണക്കിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായി കമ്മീഷന്‍ കണ്ടെത്തി. ഭരണഘടനയുടെ 14-ാം അനുച്ഛേദം പ്രകാരം എല്ലാ വ്യക്തികള്‍ക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും ട്രാന്‍സ്‌ജെന്റര്‍മാര്‍ക്കും അര്‍ഹതയുള്ളതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. അങ്ങനെയുള്ള ഒരാളുടെ പരാതി അനന്തമായി നീട്ടികൊണ്ടു പോകുന്നത് ലതാകുമാരിയും സ്റ്റേറ്റ് ഓഫ് യു.പി.യും തമ്മിലുള്ള കേസിലെ വിധി ചേര്‍ത്ത് വായിക്കുമ്പോള്‍ തീര്‍ത്തും തെറ്റാണ്.
ഇത് പോലീസ് സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. കുറ്റകരമായ പ്രവൃത്തി ഉള്‍പ്പെടുന്ന കേസുകളില്‍ പോലീസ് കേസെടുക്കാതിരുന്നാല്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 175 (3) പ്രകാരം പരാതിക്കാരിക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
CONTENT HIGH LIGHTS; Police not filing case on transgender’s complaint wrong: Complainant should go to court: Human Rights Commission