രാജ്യപുരോഗതിക്ക് സഹായിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ശാസ്ത്ര ദിനം സംസ്ഥാനത്ത് വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചത്. തിരുവനന്തപുരം ഐഎംജി ഹാളില്‍ നടന്ന ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി 6 പ്രതിഭകളാണ് തങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു ഭാവിയില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്ന കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രലോകത്തിനു മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയത്. മാലിന്യ സംസ്കരണം, ഭിന്നശേഷിക്കാരുടെ ഉന്നമനം, കൃഷി അല്ലെങ്കില്‍ ബയോ ടെക്നോളജി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ പുത്തന്‍ ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. കാഴ്ച പരിമിതര്‍ക്ക് സഹായായി മാറാവുന്ന ഉപകരണമായിരുന്നു മലപ്പുറം പയ്യിമേട് എസ് വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സൂരജ് സുരേഷ് അവതരിപ്പിച്ചത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത നൂതന ശ്രവണ സഹായായിരുന്നു അഖിലേഷ് പി അവതരിപ്പിച്ചത്. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പുതിയ മാതൃകകള്‍ സംരംഭത്തിന്റെ പാതയില്‍ വികസിപ്പിക്കുന്ന ആശയമാണ് ഗ്രീന്‍ വേര്മിസിന്റെ സഹസ്ഥാപകന്‍ ജബീര്‍ കാരാട്ട് അവതരിപ്പിച്ചത്.മാലിന്യത്തില്‍ നിന്ന് ബയോ ഫ്യൂവല്‍സ് വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് കണ്ണൂര്‍ സര്‍വകലാശാലയിലെ പിഎച്ച്ഡി സ്കോളര്‍ ഐശ്വര്യ ആര് എസ് സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പാക്കേജിങ് രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാന്‍ കഴിയുന്ന എഡിബിള്‍ പാക്കേജിങ് ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ആഷിര്‍ കെ അവതരിപ്പിച്ചത്.ദന്തപരിചരണത്തിന് സഹായകരമാകുന്ന ഉല്‍പ്പന്നമാണ് ദന്തഡോക്ടര്‍ കൂടിയായ ഡോക്ടര്‍ ലിനി ബേസില്‍ അവതരിപ്പിച്ചത്.
ശാസ്ത്രദിനാഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും തുടര്‍സഹായങ്ങളും നല്‍കുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ എ സാബു പറഞ്ഞു.പേറ്റന്റ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം വിപണന സാധ്യതകള്‍ കൂടി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സംസ്ഥാനത്തെ ശാസ്ത്രദിനാഘോഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ഇന്‍ര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് (IISU) ഡയറക്ടര്‍ ഡോ. പദ്മകുമാര്‍ ഇ.എസ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായ എം. സി. ദത്തന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.ജാപ്പാനിലെ ഹൊക്കൈഡോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ. വാസുദേവന്‍ ബിജു, ഹൈദരാബാദിലെ CMET ഡയറക്ടര്‍ ഡോ. രതീഷ് ആര് എന്നിവര്‍ ചടങ്ങില്‍ പ്രഭാഷണം നടത്തി.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആണ് ദേശീയ ശാസ്ത്ര ദിനാഘോഷം സംസ്ഥാനത്ത് സംഘടിപ്പിച്ചത്.