ഡോക്ടര്‍ ദമ്പതികള്‍ക്ക് കുവൈത്ത് എയര്വേയ്സില് നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്. വളാഞ്ചേരി സ്വദേശികളായ ഡോ. എന്‍.എം മുജീബ് റഹ്മാന്, ഡോ. സി.എം ഷക്കീല എന്നിവര്‍ നല്കിയ പരാതിയിലാണ് നടപടി. 2023 നവംബര്‍ 30നും ഡിസംബര്‍ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
2023 നവംബര്‍ 30ന് കൊച്ചിയില്‍ നിന്നും കുവൈത്ത് വഴി ബാഴ്സലോണയിലേക്കും ഡിസംബര്‍ പത്തിന് മാഡ്രിഡില്‍ നിന്നും തിരിച്ചും യാത്ര ചെയ്യാന്‍ കുവൈത്ത് എയര്വേയ്സില് ബിസിനസ് ക്ലാസില്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാഡ്രിഡില്‍ നിന്നും ഫ്ലൈറ്റില്‍ കയറിയ ശേഷമാണ് വിമാനം കുവൈത്ത് വഴിയല്ല, ദോഹ വഴിയാണ് പോകുന്നതെന്ന് പരാതിക്കാരെ അറിയിച്ചത്. ദോഹയില്‍ ഇറക്കിയ പരാതിക്കാര്‍ക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് നല്കുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നല്‍കിയില്ല.
സ്വന്തം ചെലവില്‍ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടര്‍ യാത്രക്ക് ബോര്‍ഡിംഗ് പാസ്സ് ലഭിച്ചതിനാല്‍ വിമാനത്തില്‍ കയറിയെങ്കിലും അവിടെ നിന്നും ഇറക്കിവിട്ടു. നേരത്തെ ബുക്ക് ചെയ്തതില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വൈകിയാണ് പരാതിക്കാര്‍ക്ക് നാട്ടില്‍ എത്താനായത്. തുടര്‍ന്നാണ് വിമാനകമ്പനിയുടെ സേവനത്തിലെ വീഴ്ചക്കെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.
കുവൈത്തില്‍ കാലാവസ്ഥ മോശമായതിനാല്‍ പരാതിക്കാരുടെ സുരക്ഷ കാരണമാണ് യാത്ര ദോഹ വഴിയാക്കിയതെന്നും ബോര്‍ഡിംഗ് പാസ് നല്‍കുമ്പോഴത്തെ ഉപദേശങ്ങള്‍ പാലിക്കാത്തതിനാണ് വിമാനത്തില്‍ നിന്നും ഇറക്കേണ്ടി വന്നതെന്നും സേവനത്തില്‍ വീഴ്ചയില്ലെന്നും വിമാന കമ്പനി വാദിച്ചു.
വാദങ്ങളും രേഖകളും പരിശോധിച്ച കമ്മീഷന് എതിര്‍കക്ഷിയുടേത് സേവനത്തിലെ വീഴ്ചയാണെന്നും കുവൈത്തില്‍ മോശം കാലാവസ്ഥയുണ്ടായിരുന്നു എന്ന് കാണിക്കാന്‍ രേഖയൊന്നും ഹാജരാക്കിയിട്ടില്ലെന്നും കണ്ടെത്തി.
പരാതിക്കാര്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന് വിധിച്ചു. ഒരു മാസത്തിനകം വിധിനടപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.
CONTENT HIGHLIGHTS; Kuwait Airways flight disaster: District Consumer Commission awards Rs 10 lakh compensation