കെസിഎ പ്രസിഡന്റ്സ് ട്രോഫിയില്‍ തുടരെ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയവഴികളിലേക്ക് മടങ്ങിയെത്തി റോയല്‍സ്. പാന്തേഴ്സിനെ എട്ട് വിക്കറ്റിനാണ് റോയല്‍സ് തോല്പിച്ചത്. രണ്ടാം മല്‍സരത്തില്‍ ലയണ്‍സ് ടൈഗേഴ്സിനെ 38 റണ്‍സിന് തോല്പിച്ചു. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി ഫോമിലേക്ക് ഉയര്‍ന്ന ജോബിന് ജോബിയുടെ ഓള് റൌണ്ട് മികവും വിപുല്‍ ശക്തിയുടെ അര്‍ദ്ധ സെഞ്ച്വറിയുമാണ് റോയല്‍സിന് കരുത്തായത്.
ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍െസെടുത്തു. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയായ ലെഗ് സ്പിന്നര്‍ മൊഹമ്മദ് ഇനാന് ബാറ്റ് കൊണ്ട് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പാന്തേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്. ഇനാന് 33 പന്തുകളില്‍ നിന്ന് 41 റണ്‍സുമായി പുറത്താകാതെ നിന്നു. പവന് ശ്രീധര്‍ 23ഉം അനുരാജ് 22ഉം റണ്‍സെടുത്തു. റോയല്‍സിന് വേണ്ടി ജോബിന് ജോബിയും വിനില്‍ ടി എസും അഫ്രദ് നാസറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് എട്ട് പന്തുകളില്‍ 20 റണ്‍സ് നേടിയ രോഹിത്തും വിപുല്‍ ശക്തിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്കി. രോഹിതിന് ശേഷമെത്തിയ ജോബിന് ജോബിയും വിപുല്‍ ശക്തിയും ചേര്‍ന്ന് ആഞ്ഞടിച്ചതോടെ റോയല്‍സ് എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. 15ആം ഓവറില്‍ റോയല്‍സ് ലക്ഷ്യത്തിലെത്തി. ജോബിന് 30 പന്തുകളില്‍ നിന്ന് 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിപുല്‍ ശക്തി 45 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്തു.
രണ്ടാം മത്സരത്തില്‍ ടൈഗേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ സച്ചിന് പി എസും ആകര്‍ഷ് എ കെയുമാണ് ലയണ്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. സച്ചിന് 34 പന്തുകളില്‍ നിന്ന് 53 റണ്‍സും ആകര്‍ഷ് 30 പന്തുകളില്‍ നിന്ന് 50 റണ്‍സും നേടി. ടൈഗേഴ്സിന് വേണ്ടി ആല്‍ബിനും ശ്രീഹരിയും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയണ്‍സിനായി പ്രീതിഷ് പവനും രോഹന് നായരും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. പ്രീതിഷ് 30 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറും നാല് സിക്സും അടക്കം 68 റണ്‍സെടുത്തു. രോഹന് നായര്‍ 39ഉം അജ്നാസ് 20 റണ്‍സും നേടി. 19ആം ഓവറില്‍ 158 റണ്‍സിന് ടൈഗേഴ്സ് ഓള് ഔട്ടായി. ലയണ്‍സിനായി കിരണ്‍ സാഗര്‍ മൂന്നും വിനയ് വര്‍ഗീസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.