ഹിന്ദുസ്ഥാൻ അംബാസിഡറിന്റേയും പ്രീമിയർ പത്മിനിയുടേയും കാലത്ത് നിരത്തിൽ ഒരു രാജാവ് എത്തി. മാരുതി 800 എന്ന ഹാച്ച്ബാക്ക്. കാർ എന്ന സ്വപ്നത്തിന്റെ ഇന്ത്യക്കാരുടെ പര്യായമായിരുന്നു മാരുതി 800. സ്റ്റോക്ക് കണ്ടീഷനിലുള്ളതും രൂപമാറ്റം വരുത്തിയതുമായ ഒട്ടേറെ 800കൾ തലമുറ വ്യത്യാസമില്ലാതെ ഇന്നും നിരത്തിൽ ഉപയോഗിക്കുന്നവരെ കാണാൻ സാധിക്കും. 31 വർഷമായി നിർമ്മിക്കപ്പെടുന്ന മാരുതി സുസുക്കി 800, ഹിന്ദുസ്ഥാൻ അംബാസഡർ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പ്രൊഡക്ഷൻ കാറാണ്.
മാരുതി 800 എന്ന നിരത്തിലെ ഈ കുഞ്ഞൻ കാറിന് തത്കാൽ എന്നൊരു വേരിയന്റ് ഉണ്ടായിരുന്നു. 1989-1990 കളിലാണ് മാരുതി സുസുക്കി 800 (SB-308) മോഡലിന് കമ്പനി തത്കാൽ എന്ന വേരിയന്റെ പുറത്തിറക്കിയത്. ഉയർന്ന ഡിമാൻഡ് പരിഹരിക്കുന്നതിനും, വാഹനം ബുക്ക് ചെയ്തതിനു ശേഷമുള്ള കാത്തിരിപ്പിന്റെ കാലയളവ് കുറക്കുന്നതിനുമായാണ് ഇത്തരമൊരു വേരയന്റ് കമ്പനി പുറത്തിറക്കിയത്. മാരുതി 800 ബുക്ക് ചെയ്തതിനു ശേഷം മാസങ്ങളോ വർഷങ്ങളോ ഡെലിവറിക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം അക്കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു തത്കാൽ വേരിയന്റ് അവതരിപ്പിക്കുന്നത്. ഹിന്ദിയിൽ ഉടൻ എന്ന് അർഥം വരുന്ന തത്ക്കാൽ എന്ന പേര് ഉപയോഗിച്ച ഈ വേരിയന്റിന്റെ ലക്ഷ്യവും ഉടൻ ഉപഭോക്താക്കൾക്ക് കാർ ലഭ്യമാക്കുക എന്നതായിരുന്നു.
വാഹനത്തിന് വിപണിയിൽ ഉണ്ടായിരുന്ന ഉയർന്ന ആവശ്യകത കരിഞ്ചന്തകളിൽ മാരുതി 800ന്റെ ബുക്കിങ് വിൽപ്പന ചെയ്യുന്ന പ്രവണത വർധിപ്പിച്ചു. ഇതിനു തടയിടാനാണ് തത്കാൽ എന്ന വേരിയന്റ് കമ്പനി അവതരിപ്പിച്ചത്. മാരുതി 800 സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും തത്കാൽ വേരിയന്റിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ സാധാരണ മോഡലിനേക്കാൾ 50000 രൂപയോളം അധികം തത്കാൽ എന്ന വേരിയന്റിന് നൽകേണ്ടി വന്നിരുന്നു. തത്കാൽ വാഹനങ്ങളെ വേർതിരിച്ചറിയാൻ ബൂട്ട് ലിഡിൽ “TK” സ്റ്റിക്കർ പതിപ്പിക്കുമായിരുന്നു.
തുടക്കത്തിൽ തത്കാൽ വേരിയന്റ് സ്റ്റാൻഡേർഡ് മോഡലിൽ (STD) മാത്രമായിരുന്നു ലഭ്യമായിരുന്നത്. പിന്നീടിത് ഡിലക്സ് (DX) മോഡലിലും ലഭ്യമാക്കി. ഡിലക്സ് വേരിയന്റിൽ എ.സി ഉണ്ടായിരുന്നു എന്നത് അന്നത്തെ ഒരു സവിശേഷതായിരുന്നു. 5,500 ആർപിഎമ്മിൽ 39.5 bhp കരുത്തും 2,500 ആർപിഎമ്മിൽ 59 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 796 സിസി F8B കാർബുറേറ്റഡ് എഞ്ചിനായിരുന്നു മാരുതി 800 വാഹനത്തിന്റെ കരുത്ത്.
തത്കാൽ എന്ന വേരിയന്റ് വ്യത്യാസപ്പെടുന്നത് അതിന്റെ ചരിത്രപരമായ സവിശേഷത കൊണ്ടാണ്. ഒരു കമ്പനി ഉപഭോക്താക്കളുടെ ഡിമാന്റ് നിറവേറ്റുന്നതിനായി പ്രത്യേക വേരിയന്റ് പുറത്തിറക്കി എന്നത് ചരിത്രപരമായ ഒരു പ്രത്യേകത തത്കാൽ എന്ന വേരിയന്റിന് നൽകുന്നു. മാരുതി 800 ന്റെ ഉയർന്ന ജനപ്രീതിയുടെ അടയാളപ്പെടുത്തൽ കൂടിയാണ് തത്കാൽ എന്ന വേരിയന്റ്. വാഹന വ്യവസായ ചരിത്രത്തിലെ കൗതുകകരമായ അധ്യായമാണ് എന്തായാലും മാരുതിയുടെ തത്കാലിന് പറയുവാനുള്ളത്.
content highlight: Maruti 800