നിങ്ങൾ വളരെയധികം ക്ഷീണിതനാണെങ്കിൽ സാധാരണ നിലയിൽ ശരീരം പ്രതികരിക്കുന്നത് കോട്ടുവായിട്ടുകൊണ്ടാണ്. ഉറക്കക്കുറവും ക്ഷീണവുമൊക്കെ കോട്ടുവായ്ക്ക് കാരണമാകാറുണ്ട്. ചിലർക്ക് കോട്ടുവായുടെ ദൈർഖ്യം കുറവാണെങ്കിൽ ചിലരിൽ അത് വളരെ നീളം ഉള്ളവയാകും.
നമ്മൾ അറിയാതെ തന്നെ വായ തുറന്ന് തീവ്രമായി ശ്വാസിക്കുകയും ശ്വാസകോശത്തിൽ വായു നിറയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കോട്ടുവായ. പക്ഷേ ഒരു ദിവസം തന്നെ ആവർത്തിച്ച് ഇങ്ങനെ സംഭവിച്ചാൽ അൽപം ശ്രദ്ധിച്ചോളൂ, നിങ്ങളുടെ ആരോഗ്യത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.
ഹൃദയവും കോട്ടുവായയും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടുണ്ടോ? ഹൃദയം മാത്രമല്ല നിങ്ങളുടെ മാനസികാരോഗ്യപ്രശ്നങ്ങളെയും അത് സൂചിപ്പിക്കുന്നു. ഇതിൻ്റെ അളവ് വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അമിതമായ കോട്ടുവായയോടൊപ്പം ക്ഷീണം, ശ്വാസതടസ്സം, തലകറക്കം തുടങ്ങി മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഉടനടി ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കണം. തുടരെ തുടരെ കോട്ടുവായ ഇടുന്നതിനു പിന്നിൽ ഈ കാരണങ്ങൾ ആകാം.
സുഖകരമായ ഉറക്കത്തിൻ്റെ അഭാവം. ശരീരത്തിൻ്റെ മാത്രമല്ല മാനസികമായ ക്ഷീണവും ഇടയ്ക്കിടെ കോട്ടുവായ ഇടുന്നതിനു കാരണമാകും. തലച്ചോറിൽ നിന്നും ഹൃദയത്തിലേയ്ക്കും അമാശയത്തിലേയ്ക്കും പോകുന്ന വാഗസ് നാഡിയുമായി ബന്ധപ്പെട്ടിരിക്കാം. ചില സാഹചര്യങ്ങളിൽ അപസ്മാരം പോലെയുള്ള നാഡീസംബന്ധമായ പ്രശ്നങ്ങളും കോട്ടുവായയുടെ പിന്നിൽ ഉണ്ടായേക്കും. ചിലരിൽ ഇത് ബ്രെയിൻ ട്രൂമറിൻ്റെ സൂചന ആയേക്കും.
സുഖകരമായ ഉറക്കം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാം. ഇരുമ്പിൻ്റെ അംശം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കാം. നിർജ്ജലീകരണം പ്രതിരോധിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കാം. ശാരീരിക പ്രവർത്തനങ്ങൾ ഓക്സിജൻ്റെ അളവും രക്തത്തിലൂടെയുള്ള അതിൻ്റെ സഞ്ചാരവും മെച്ചപ്പെടുത്തും.