മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പ്രതിയായ മാസപ്പടി കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. സി.പി.എമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ അവസാന ഘട്ടത്തിലെത്തിലേക്കു കടക്കുമ്പോഴാണ് എസ്.എഫ്.ഐ.ഒ വീണാവിജയനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന വാര്‍ത്ത വരുന്നത്. ഇതിനു തൊട്ടുമുമ്പ് മാസപ്പടി കേസ് അന്വേഷിക്കേണ്ടതില്ലെന്ന് കണ്ട് വിജിലന്‍സ് തള്ളിക്കളഞ്ഞിരുന്നു. പ്രതിപക്ഷം നല്കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഈ വാര്‍ത്ത വന്നതിനു പിന്നാലെ ഇടതുപക്ഷ നേതാക്കള്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വീണാവിജയനിലൂടെ മുഖ്യമന്ത്രിയെയും, അതുവഴി പാര്‍ട്ടിയെയും ഉന്നം വെച്ചവര്ക്കേറ്റ കനത്ത തിരിച്ചടി എന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പ്രതികരിച്ചത്.
എന്നാല്‍, എസ്.എഫ്.ഐ.ഒയുടെ നടപടി വന്നതോടെ വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ട വീണാ വിജയനും, അതിലൂടെ രക്ഷപ്പെട്ട മുഖ്യമന്ത്രിയും പാര്‍ട്ടിയും വീണ്ടും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന നേതാക്കളെല്ലാം പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍, കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം എങ്ങനെയായിരിക്കും ഇത് പരിഗണിക്കുകയെന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്. ഡെല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ മുഖ്യമന്ത്രി കണ്ടതുമായി ബന്ധപ്പെട്ട് ചില ദുരൂഹമായ സൂചനകള്‍ നിലനില്‍പ്പുണ്ട്. മകളെ സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്രമന്ത്രിയെ കണ്ടതെന്നും പറയപ്പെടുന്നുണ്ട്.
ഈആ പശ്ചാത്തലത്തില്‍ വീണ്ടും എസ്.എഫ്.ഐ.ഒയും, വീണാ വിജയനും, സി.എം.ആര്.എല്ലും, എക്സാലോജിക്കുമെല്ലാം വാര്ത്തയിലേക്കെത്തുകയാണ്. എന്താണ് മാസപ്പടിയെന്ന് ഇനിയും മനസ്സിലാകാത്തവര്‍ക്ക് വേണ്ടി അത് ഒന്നു കൂടി വിശദീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന ഒരു പരാതി നേരത്തെ തന്നെ ഉള്ളതാണ്. അതില്‍ കഴമ്പുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. മാസപ്പടി വിവാദത്തിന്റെ നാള് വഴികളിലൂടെ തിരിച്ചു നടന്നാല്‍ അതിന്റെ സത്യാവസ്ഥകള്‍ മനസ്സിലാക്കാനാവും. 2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിന് ഒടുവിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ എസ്.എഫ്.ഐ.ഒ യുടെ പ്രധാനപ്പെട്ട നീക്കം ഉണ്ടാകുന്നത്.
ആദ്യം ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും പിന്നെ ആര്.ഒ.സിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോള്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിലും തെളിയുന്നത്. സി.എം.ആര്.എല്‍ കമ്പനിയില്‍ നിന്ന് വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് നല്‍കാത്ത സേവനത്തിന് പ്രതിഫലം കൈപ്പറ്റിയെന്ന ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിനു തിരികൊളുത്തിയത്. 2023 ഓഗസ്റ്റ് എട്ടിന് വീണയ്ക്ക് സി.എം.ആര്.എല്ലില്‍ നിന്ന് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നും ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്പിച്ചു.
1.72 കോടിക്കു പുറമേ വീണയുടെ കമ്പനിക്ക് വേറെയും തുക ലഭിച്ചതായി മുവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്നാടന് ആരോപണം ഉന്നയിച്ചതോടെ രാഷ്ട്രീയ യുദ്ധത്തിനു കളമൊരുങ്ങി. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു കളമശേരി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഓഗസ്റ്റ് 26ന് ഹര്‍ജി തള്ളി. ഒക്ടോബറില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എം.എല്‍.എ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്കി.
2024 ജനുവരിയിലാണ് എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. സി.എം.ആര്.എല്ലും എക്സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് നല്കി. പണമിടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ ബെംഗളൂരു ആര്.ഒ.സി വ്യക്തമാക്കി. കമ്പനികള്‍ കോടതി കയറിയതോടെ നിയമയുദ്ധത്തിനും തുടക്കമായി.
എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ കെ.എസ്.ഐ.ഡി.സി 25 ലക്ഷം രൂപ ചെലവിട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.എസ്. വൈദ്യനാഥനെ ഹൈക്കോടതിയില്‍ എത്തിച്ചു. 2024 ജനുവരി 31നാണ് വീണയുടെ കമ്പനിയുടെ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ വിപുലമായ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിനു കൈമാറുന്നത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് ഫെബ്രുവരിയില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. സി.എം.ആര്.എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി എസ്എഫ്ഐഒക്കു കൈമാറി ഷോണ്‍ ജോര്‍ജ് കേസിലെ പ്രധാന ഹര്‍ജിക്കാരനായി.
തുടര്‍ന്ന് എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എസ്.എഫ്.ഐ.ഒ 2024 മാര്‍ച്ചില്‍ നോട്ടിസ് അയച്ചു. എക്സാലോജിക്കും സി.എം.ആര്.എല്‍ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനിടെ പ്രാഥമികാന്വേഷണം തുടങ്ങി. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ CMRL ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ ജഡ്ജി സ്ഥലം മാറിപ്പോയതോടെ വീണ്ടും വാദം കേള്‍ക്കേണ്ട നില വന്നു.
എന്നാല്‍ തുടര്‍നടപടി റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാതെ വന്നതോടെ എസ്എഫ്ഐഒ കരുക്കള്‍ വേഗം നീക്കി. പ്രോസിക്യൂഷന് അനുമതി കാത്ത് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യാ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടിന് അവിടെ നിന്നും പച്ചക്കൊടി കിട്ടി. തുടര്‍ന്ന് ഇന്ന് എറണാകുളം ജില്ലാകോടതി ഒന്നില്‍ SFIO മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് അടക്കമുള്ളവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മാസപ്പടി കേസില്‍ SFIO റിപ്പോര്‍ട്ട് മൂന്നുമാസം മുമ്പ് തയ്യാറായിരുന്നു എന്നാണ് സൂചന. ഡല്‍ഹി ഹൈക്കോടതിയിലെ കേസ് നടക്കുമ്പോള്‍ തന്നെ പ്രോസിക്യൂഷന് അനുമതിക്കായി റിപ്പോര്‍ട്ട് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് SFIO സമര്‍പ്പിച്ചിരുന്നു.
എന്താണ് മാസപ്പടി കേസ്
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന കമ്പനി കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമിറ്റഡിന് (സിഎംആര്‍എല്‍) സോഫ്റ്റ് വെയര്‍-ഐ.ടി സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായി 1.72 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വീണയുടെ കമ്പനി സി.എം.ആര്.എല്ലിന് യാതൊരു സേവനങ്ങളും നല്‍കിയിരുന്നില്ലെന്നും കൈപ്പറ്റിയ തുക തികച്ചും നിയമവിരുദ്ധമാണെന്നും കണ്ടെത്തി. എന്നാല്‍, വീണ സി.എം.ആര്.എല്‍ കമ്പനിയുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നാണ് സി.പി.എം നല്കിയ വിശദീകരണം. സി.എം.ആര്.എല്‍ ഓഫീസിലെ 2019ലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വിവിധ വ്യക്തികള്‍ക്ക് അനധികൃതമായി പണം നല്കിയെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ എം.ഡി ശശിധരന് കര്‍ത്ത ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് മുമ്പാകെ നടത്തിയ വെളിപെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
ഈ വിവാദം പ്രതിപക്ഷ പാര്‍ട്ടികളും അവഗണിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും ഉള്‍പ്പെടെ വലിയ തുകകള്‍ കമ്പനിയില്‍ നിന്നും നല്കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതാണ് കാരണം. കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന ഇല്‍മനൈറ്റ് ധാതു പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമറ്റഡ്. കൊച്ചിയിലെ എടയാര്‍ വ്യാവസായിക മേഖലയിലാണ് സിഎംആര്‍എല്‍ സ്ഥിതി ചെയ്യുന്നത്. ഇല്‍മനൈറ്റ് ധാതുവിന്റെ സഹായത്തോടെ സിഎംആര്‍എല്‍ ഉത്പാദിപ്പിക്കുന്ന സിന്തറ്റിക് റൂട്ടയില്‍, ഫെറസ് ക്ലോറൈഡ്, സിമോക്സ് തുടങ്ങിയ രാസ സംയുക്തങ്ങള്‍ അസംഖ്യം വ്യാവസായിക യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.
സ്പോഞ്ച് നിര്‍മാണം, കടല്‍ വെള്ളത്തിന്റെ ശുദ്ധീകരണം, സിമന്റ് നിര്‍മാണം, തുകല്‍-ടെക്സ്റ്റയില്‍സ് സംരംഭങ്ങള്‍, ഡൈയിംഗ് യൂണിറ്റുകള്‍, മരുന്ന് നിര്‍മാണം എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് സിഎംആര്‍എല്‍ ഉത്പാദിപ്പിക്കുന്ന രാസ സംയുക്തങ്ങള്‍ കൂടിയേ മതിയാകു. എന്നാല്‍ സിഎംആര്‍എല്‍-ന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തു-ഇല്‍മനൈറ്റ് ഖനനം ചെയ്യുന്നത് പൂര്‍ണമായും പൊതുമേഖല സ്ഥാപനങ്ങളാണ്. മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഭാര്യ ജയ കര്‍ത്ത, മകന് ശരണ്‍ കര്‍ത്ത എന്നിവരും ഓഹരിയുടമകളാണ്. നബീല്‍ മാത്യൂ ചെറിയാന്, ജോളി ചെറിയാന് എന്നിവര്‍ കമ്പനിയുടെ പ്രെമോട്ടര്‍മാരും.
ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ 2013-19 കാലയളവില്‍ സിഎംആര്‍എല്‍ 135 കോടി രൂപയുടെ അനധികൃതമായ വരുമാനം സമാഹരിച്ചതായാണ് കണ്ടെത്തിയത്. ഇതില്‍ 95 കോടി രൂപ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വീതിച്ചു നല്കി. രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, പോലീസുകാര്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് പല സമയങ്ങളിലായി പണം നല്‍കിയെന്ന് സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറിനെ ഉദ്ധരിച്ച് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇല്‍മനൈറ്റ് ധാതുവിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് പോലീസുകാര്‍ക്കും, മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം നല്‍കിയതെന്നും ഇത് അവര്‍ ആവശ്യപെട്ടതിന് ശേഷമാണെന്നും സിഎംഎര്എല് ചീഫ് ഫിനാല്‍ഷ്യല്‍ ഓഫീസറിന്റെ മൊഴി വ്യക്തമാക്കുന്നു.
CONTENT HIGH LIGHTS;SFIO cuts down the Chief Minister and the party: Was Veena Vijayan accused of a conspiracy?; What is the monthly payment controversy?; Its history and its aftermath