ദൃഢനിശ്ചയവും, മനസ്സിന്റെ അജയ്യമായ കരുത്തും കൊണ്ട് ജീവിതത്തില്‍ തിളങ്ങി നില്ക്കുന്ന വ്യക്തിയാണ് സി.ആര്.പി.എഫ്.യിലെ സെക്കന്റ് ഇന്‍ കമാന്‍ഡ് ഓഫീസര്‍ ആയ രവിന്ദ്രകുമാര്‍ സിംഗ്. എറണാകുളത്ത് നടന്ന ‘All India Police Badminton and Table Tennis Cluster 2025’ല്‍ ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യപന്ഷിപ്പില് സ്വര്‍ണം, GO Men 50+ Doubles വിഭാഗത്തില്‍ വെള്ളി തുടങ്ങിയവ നേടി ഏവരുടെയും ശ്രദ്ധനേടിയ ഈ വിജയം ഒരിക്കലും നഷ്ടപ്പെടുത്താത്ത പരിശ്രമത്തിന്റെ ഫലമാണ്. 2011ല്‍ ജാര്‍ഖണ്ഡിലെ ഹുര്മൂര്, ഗണേശ്പുര്‍ എന്നീ ദുര്‍ഗമമായ വനപ്രദേശങ്ങളില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് സിംഗിന്റെ ജീവിതം മാറിയത്.
മാവോയിസ്റ്റുകാര് നടത്തിയ ബോംബ് സ്ഫോടനത്തില്‍, പോരാട്ടത്തിനിടയില്‍ അദ്ദേഹത്തിന്റെ ഇടത് കാലിന് ഗുരുതര പരിക്കേറ്റു. കഠിന വേദനയിലും രക്തസ്രാവത്തിനും ഒടുവില്‍ അദ്ദേഹം അത് അതിജീവിച്ചും, സംഘത്തെ നയിച്ചും സൈന്യത്തിന് ആദരവ് നേടിക്കൊടുത്തു. പിന്നീട് അദ്ദേഹത്തിന്റെ ഇടതു കാല് നഷ്ടപ്പെട്ടെങ്കിലും ആത്മവിശ്വാസം ഒരിക്കലും തളര്‍ന്നു പോയില്ല. മുപ്പത് ദിവസത്തിനുള്ളില്‍ തന്നെ കൃത്രിമ കാലുമായി സര്‍വീസിലേക്ക് തിരിച്ചു വന്ന്, പഴയ ശബ്ദവും കരുത്തുമൊക്കെ കൊണ്ട് വീണ്ടും മുന്നോട്ട് നടന്നത് സിംഗിന്റെ മനസ്സിന്റെ ശക്തിയെയാണ് കാണിക്കുന്നത്
മൗണ്ടെയിനീയറിംഗ്, സൈക്ലിംഗ്, സ്പോര്‍ട്സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സിംഗ് തന്റെ പരിധികളെ തകര്‍ത്തു മുന്നോട്ട് നീങ്ങി. 2018-ല്‍ ‘Central Para Sports Officer’ ആയി നിയമിതനായതോടെ, മറ്റു പാരാ അത്ലറ്റുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും, അവരുടെ വിജയങ്ങള്‍ക്ക് പിന്നില്‍ പ്രത്യക്ഷകഥാപാത്രമാകുകയും ചെയ്തു. ഇപ്പോഴിതാ, അതേ ആത്മാവുമായി പാരാകളിക്കളത്തില് തന്റെ ഇടം കണ്ടെത്തി വെള്ളി മെഡല്‍ നേടി വീണ്ടും ഈ രാജ്യം അഭിമാനിക്കേണ്ടൊരു വ്യക്തിയായി മാറി.
രാഷ്ട്രപതിയുടെ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ സിംഗിന്റെ കഥ സഹോദര സൈനികര്‍ക്കും പുതിയ തലമുറയ്ക്കും തന്നെ പ്രചോദനമായി തുടരുന്നു. ഓള് ഇന്ത്യ പോലീസ് എറണാകുളത്ത് സംഘടിപ്പിച്ച ബാറ്റ്മിന്റണ്‍ ആന്‍ഡ് ടേബിള്‍ ടെന്നീസ് മത്സരങ്ങളില്‍ ഈ ആഴ്ച നടന്ന പോലീസ് ക്ലസ്റ്റര്‍ ടൂര്‍ണമെന്റിലും അതേ ആവേശം ടേബിള്‍ ടെന്നീസില്‍ സിംഗ് വീണ്ടും തെളിയിച്ചു. ടീമിനായി സ്വര്‍ണം , ഡബിള്സിറല് വെള്ളി മെഡല്‍ – തുടങ്ങിയവ നേടിക്കൊടുത്ത് CRPF-നു അഭിമാനമായി മാറി.
ശൗര്യചക്ര പുരസ്കാര ജേതാവായ രവീന്ദ്രസിംഗിന്റെ ജീവിതകഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സങ്കടങ്ങളെ മാറ്റി നിര്‍ത്താനുള്ള ധൈര്യവും, കഷ്ടപ്പാടിനെ അതിജീവിക്കാനുള്ള മനോബലവുമാണ്. മനസ്സിന്റെ ആഗ്രഹം ശക്തമായാല്‍ നിങ്ങളുടെ വഴിയിലേക്ക് ഒന്നും തടസ്സമാകില്ല,’ മെഡല്‍ നേടിയതിന്റെ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സിംഗ് പറഞ്ഞു. ‘ഞാന്‍ പതിവ് പോലെ ചെയ്തത് അത്രയേ ഉള്ളു – ശ്രമിക്കുക , ഏറ്റവും മികച്ചത് നല്‍കുക, ഒരിക്കലും ആ ശ്രമം ഉപേക്ഷിക്കരുത്.’