കോട്ടയം അയർക്കുന്നത്ത് പിഞ്ചു കുഞ്ഞുങ്ങളുമായി അഭിഭാഷക ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ആരോപണം. മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയുമായ ജിസ്മോൾ തോമസ് (34) ആണ് മരിച്ചത്. 2, 5 വയസുള്ള രണ്ട് കുട്ടികളുമായാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അച്ഛനും സഹോദരനുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ അമ്മയും സഹോദരിയുമാണ് മകളെ മരണത്തിലേക്ക് തള്ളിയിട്ടതെന്നു പിതാവ് ആരോപിച്ചു.,മകളെ ഭർത്താവ് മർദ്ദിക്കാറുണ്ടെന്നു പിതാവ് പറയുന്നു. മകളുടെ തലയിൽ ഒരു പാടുണ്ട്. അതെങ്ങനെ സംഭവിച്ചുവെന്നു ചോദിച്ചപ്പോൾ, കതകിൽ മുട്ടി മുറിഞ്ഞതാണെന്നു ആദ്യം പറഞ്ഞു. ഭർത്താവ് തല പിടിച്ചു ഭിത്തിയിൽ ഇടിച്ചപ്പോൾ മുറിഞ്ഞതാണെന്നു പിന്നീട് രണ്ട്, മൂന്ന് ദിവസങ്ങൾക്കു ശേഷം മകൾ തുറന്നു പറഞ്ഞെന്നും പിതാവ് ആരോപിച്ചു.
മരണ ദിവസം ഭർത്താവിന്റെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നു പൊലീസ് അന്വേഷിക്കണമെന്നു യുവതിയുടെ സഹോദരൻ ജിത്തു ആവശ്യപ്പെട്ടു. തന്റെ സഹോദരിയെ ഭർത്താവിന്റെ മാതാവും മൂത്ത സഹോദരിയും മാനസികമായി പീഡിപ്പിച്ചു. സഹോദരിയെ ഭർതൃ വീട്ടുകാർ പുറത്തേക്ക് വിടാറില്ല. ഒരിക്കൽ താൻ അവിടെ പോയി കള്ളം പറഞ്ഞാണ് സഹോദരിയെ ഒരു കല്യാണത്തിനു കൂട്ടിക്കൊണ്ടു പോയത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ അവിടെ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. അതെന്താണെന്നു കണ്ടുപിടിക്കണം. സഹോദരൻ വ്യക്തമാക്കി.കോട്ടയം- അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്നു മരിച്ച ജിസ്മോൾ. 2019-20 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് യുവതി കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടിയത്. സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്മോൾ മീനച്ചിലാറിന്റെ സംരക്ഷണ വേലി കടന്ന് ആഴം കൂടിയ അപകടമേഖല കൂടിയായ പുളിങ്കുന്നു കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് ആരും കണ്ടതുമില്ല. ഉച്ചയ്ക്കു ശേഷം കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തിയ നിലയിൽ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് നാട്ടുകാർ ചേർന്നു തിരച്ചിൽ നടത്തി ജിസ്മോളെ ആറുമാനൂർ ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. പിന്നാലെ അവരേയും ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കണ്ണമ്പുര ഭാഗത്തു നിന്ന് ഇവരുടേതുന്നു കരുതുന്ന സ്കൂട്ടറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
STORY HIGHLIGHTS : serious-allegations-against-husbands-family-in-death-of-young-woman-and-two-infants