അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് നയങ്ങൾക്കെതിരായി, വിവിധ മുദ്രാവാക്യങ്ങളുയർത്തി ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. നാടുകടത്തൽ, ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കൽ, ജീവനക്കാരെ പുറത്താക്കൽ, വിവിധ വകുപ്പുകളുടെ അടച്ചുപൂട്ടുൽ, എൽജിബിടിക്യൂ വിരുദ്ധ നിയമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളായ ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി സി, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളായ ടെക്സസിലടക്കം വലിയ പ്രതിഷധമാണ് ഉയർന്നുവന്നത്.അമേരിക്കയിൽ ആരും രാജാവല്ല, കുടിയേറ്റക്കാർക്ക് സ്വാഗതം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ന്യൂയോർക്കിൽ പ്രതിഷേധക്കാർ പ്രശസ്തമായ സെൻട്രൽ പാർക്കിലേക്കും ട്രംപ് ടവറിലേക്കും മാർച്ച് നടത്തി.
യുഎസിൽ ഇപ്പോൾ നടക്കുന്നത് നാസി ജർമനിയിൽ നടന്നതിന് സമാനമാണ് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. തൊഴിലാളികൾക്ക് കൂടുതൽ അധികാരം, രാജാധികാരം വേണ്ട, തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർന്നുകേൾക്കുന്നുണ്ട്. സാൻ ഫ്രാൻസിസ്കോയിൽ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് എഴുതിയ വലിയ മണൽ ചിത്രമാണ് ഉയർന്നത്. അമേരിക്കയുടെ ദേശീയ പതാക തലതിരിച്ച് പിടിച്ചും പ്രതിഷേധമുണ്ടായി. വിവിധ പ്രായക്കാരും വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരെല്ലാമാണ് ട്രംപിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തായി പ്രതിഷേധിക്കുന്നത്.
STORY HIGHLIGHTS : Protests against trump across US