ഇന്ത്യക്കാരില്‍ നല്ലൊരു പങ്കിനും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇതവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്കോര്‍കാര്‍ഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ 55 ശതമാനം ആളുകളും അര്‍ധരാത്രി കഴിഞ്ഞാണ് ഉറങ്ങുന്നതെന്നാണ് 2024 മാര്‍ച്ചിനും 2025 ഫെബ്രുവരിക്കും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നതും. 2023ല്‍ ഇത് 52 ശതമാനവും 2022ല്‍ 46 ശതമാനവുമായിരുന്നു. വൈകിയുള്ള ഉറക്കം മാത്രമല്ല ഉറക്കത്തിന്റെ സമയവും പ്രശ്നമാണെന്നാണ് സര്‍വേ പറയുന്നത്.
ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറാണ് മികച്ച ശാരീരിക, മാനസികാരോഗ്യത്തിനായി സര്‍വേ ശുപാര്‍ശ ചെയ്യുന്ന ഉറക്കസമയം. രാത്രിയില്‍ ഉറങ്ങാനായി വേക്ക്ഫിറ്റ് മുന്നോട്ട് വയ്ക്കുന്ന അനുയോജ്യ സമയം 10 മണിയാണ്. സര്‍വേ പ്രകാരം 58 ശതമാനം ഇന്ത്യക്കാരും 11 മണിക്ക് ശേഷമാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഈ വൈകിയുള്ള ഉറക്കവും കുറഞ്ഞ ഉറക്ക സമയവും കാരണം 44 ശതമാനവും ഉണരുമ്പോള്‍ ഒരു ഉഷാര്‍ തോന്നുന്നില്ലെ അഭിപ്രായക്കാരാണ്.
സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 65 ശതമാനത്തിന് മുകളിലുള്ളവര്‍ ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണും തോണ്ടി ഇരിക്കാറുണ്ടെന്നതുതന്നെയാണ് റിപ്പോര്‍ട്ട്. സ്ക്രീനില്‍ നിന്നുള്ള നീലവെളിച്ചം ശരീരത്തിന് ഉറങ്ങാനുള്ള നിര്‍ദ്ദേശം നല്കുന്ന മെലട്ടോണിന്‍ ഉത്പാദനത്തെയാണ് ബാധിക്കുന്നത്. കൂടാതെ സര്‍വേ പ്രതികരണങ്ങളില്‍ നിന്ന് 45 ശതമാനം പേരുടെ ഉറക്കം കളയുന്നത് ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണെന്നും കണ്ടെത്തി.
കുറഞ്ഞ പ്രതിരോധശേഷി, ഭാരവര്‍ധനവ്, വിഷാദരോഗം, ഉത്കണ്ഠ, ഏകാഗ്രതക്കുറവ്, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ പല പ്രശ്നങ്ങളും ഉറക്കക്കുറവ് കൊണ്ട് ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും ഒരേ സമയത്ത് ഉണരുന്നതും ഉറക്കത്തിന് ക്രമം നല്കാന് സഹായിക്കും. ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണ്‍, ടാബ്, ലാപ്ടോപ്, കംപ്യൂട്ടര്‍, ടിവി എന്നിവയെല്ലാം ഒഴിവാക്കണം. ഉറങ്ങാനുള്ള സമയത്തിന് തൊട്ട് മുന്‍പ് കഫീനും കട്ടിയായ ഭക്ഷണവും ഒഴിവാക്കണം. നമ്മുടെ ആരോഗ്യം നമ്മളല്ലാതെ വേറാരു ശ്രദ്ധിക്കാനാണ്.
content highlight: Sleeping