ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പ് പുനരാരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി കാത്ത് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഏഴ് ദിവസത്തേയ്ക്കാണ് ഐപിഎൽ നിർത്തിവെച്ചത്. ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു. ഇനി നാല് ദിവസം ബാക്കിയുണ്ട്. രാജ്യത്തെ സാഹചര്യങ്ങൾ ബിസിസിഐ അതിസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഐപിഎൽ പുനരാരംഭിക്കുന്ന കാര്യത്തിൽ ടീമുകളോടും കേന്ദ്ര സർക്കാരിനോടും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിൽ 17 മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ടൂർണമെന്റിന്റെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂർണമെന്റ് നിർത്തലാക്കേണ്ടി വന്നത്മെയ് 16ന് ഐപിഎൽ പുനരാരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനെതുടർന്ന് ഐപിഎൽ ടീമുകൾ വിദേശതാരങ്ങളോട് ടീമിനൊപ്പം ചേരാൻ അറിയിച്ചിട്ടുണ്ട്. ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുമെന്നതിനാൽ മെയ് 30ന് മുമ്പ് തന്നെ ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമം.