കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്‌ഡിസം. ചയാപചയവും ഊര്‍ജ്ജത്തിന്റെ തോതും ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ തൈറോയ്‌ഡ് ഹോര്‍മോണുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനാല്‍ തന്നെ ഹൈപോതൈറോയ്‌ഡിസം ക്ഷീണം, ഭാരവര്‍ദ്ധന, വരണ്ട ചര്‍മ്മം, മുടികൊഴിച്ചില്‍, തണുപ്പിനോട് സംവേദനത്വം എന്നിവ സൃഷ്ടിക്കും.
ഈ രോഗത്തെ നേരിടാന്‍ മരുന്നുകള്‍ ആവശ്യമാണെങ്കിലും ചിലതരം മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്നത് ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായകമായേക്കും. തൈറോയ്‌ഡ് പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്ന പോഷണങ്ങളായ അയഡിന്‍, സെലീനിയം, സിങ്ക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ഹൈപോതൈറോയ്‌ഡിസം രോഗികള്‍ പലപ്പോഴും അനുഭവിക്കുന്ന പ്രശ്‌നമാണ് മലബന്ധം. ഇത് പരിഹരിക്കാന്‍ ഓട്‌സ്, ക്വിനോവ, തവിട്ട് അരി , പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ ഫൈബര്‍ അധികമായി ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കഴിക്കാം.
ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കാനും തൈറോയ്‌ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കും. സാല്‍മണ്‍ മീന്‍, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്.
തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉത്‌പാദനത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു പോഷണമാണ് സിങ്ക്. ഓയ്‌സ്‌റ്റര്‍, ചിക്‌പീസ്, മത്തങ്ങ വിത്തുകള്‍, ലീന്‍ മീറ്റ് എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
തൈറോയ്‌ഡ് ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്ന ധാതുവാണ് സെലീനിയം. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും ഇത് തൈറോയ്‌ഡിനെ രക്ഷിക്കുന്നു.
കടല്‍പായല്‍, അയഡൈസ്‌ഡ് ഉപ്പ്, പാലുത്‌പന്നങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൈപോതൈറോയ്‌ഡിസം രോഗികള്‍ക്ക് നല്ലതാണ്.
ബ്രോക്കളി, കോളിഫ്‌ളവര്‍, കെയ്‌ല്‍, സോയ ഉത്‌പന്നങ്ങള്‍, ചിലതരം പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഹൈപോതൈറോയ്‌ഡിസം രോഗികള്‍ ഒഴിവാക്കേണ്ടതാണ്.