നിലമ്പൂരിലെ പോര് പ്രവചനാതീതമായി മാറിയിരിക്കുകയാണ്. എം.സ്വരാജ് എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കും ആര്യാടന്‍ ഷൗക്കത്ത് എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും വിജയമെന്നത് ബാലികേറാമല ആയി മാറിയിരിക്കുകയാണ്. പി.വി അന്‍വറും ബി.ജെ.പിയും കൂടി അപ്രതീക്ഷിതമായി മത്സര രംഗത്തിറങ്ങിയതോടെയാണ് നിലമ്പൂരിലെ പോരാട്ടം കൂടുതല്‍ കടുത്തിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായ അന്‍വറും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജും പിടിക്കുന്ന വോട്ടുകള്‍ നിലമ്പൂരിലെ വിധിയെഴുത്തില്‍ നിര്‍ണ്ണായകമാകുമെന്നതാണ് വസ്തുത.
ബി.ജെ.പിക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ പതിനായിരത്തിനടുത്ത് വോട്ടുകളുണ്ടെന്നുറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് തെളിയിക്കപ്പെടുമാണ്. മുന്‍ കേരള കോണ്‍ഗ്രസ്സുകാരന്‍ കൂടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്. ആ വഴിക്കു പിടിക്കുന്ന വോട്ടുകള്‍ കൂടിയാകുമ്പോള്‍ വോട്ട് ശതമാനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കും. നിലമ്പൂരില്‍ മത്സരിക്കാതിരുന്നാല്‍, വോട്ട് കച്ചവട ആരോപണം ഉയരുമെന്ന് കണ്ടാണ്, അവസാന നിമിഷം ബി.ജെ.പി കളത്തിലിറങ്ങിയിരിക്കുന്നത്. മണ്ഡലത്തില്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെ പ്രചരണമാക്കാനും ബി.ജെ.പി തയ്യാറാകും.
മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ശേഷം, അവസാന നിമിഷം ക്രാഷ്‌ലാന്‍ഡ് ചെയ്ത പി.വി അന്‍വറും പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. മലയോര മേഖലയില്‍ മാക്‌സിമം സെന്റിമെന്റല്‍ അപ്രോച്ചിലൂടെ വോട്ട് സമാഹരിക്കാമെന്ന ലക്ഷ്യവും അന്‍വറിനുണ്ട്. മാത്രമല്ല, നിലമ്പൂരില്‍ സഹായിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ മന്ത്രിമാരും എം.പിമാരും മാത്രമല്ല, മുഖ്യമന്ത്രി മമത ബാനര്‍ജി വരെ പ്രചരണത്തിനായി എത്തുമെന്നാണ് അന്‍വറിന്റെ അവകാശവാദം. യു.ഡി.എഫ് – ഇടതുപക്ഷ വോട്ടുകള്‍ ടാര്‍ഗറ്റ് ചെയ്താണ് അന്‍വര്‍ മുന്നോട്ട് പോകുന്നത്. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ
പരാജയത്തിന് കാരണമാവുകയും നല്ലൊരു ശതമാനം വോട്ടുകള്‍ പിടിക്കാനും സാധിച്ചാല്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബര്‍ത്ത് ഉറപ്പിക്കാമെന്നും ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ലഭിക്കുമെന്നുമാണ് അന്‍വര്‍ കരുതുന്നത്. യു.ഡി.എഫില്‍ വി.ഡി സതീശനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് അന്‍വര്‍ കടന്നാക്രമണം നടത്തുന്നതും കൃത്യമായ അജണ്ട മുന്‍ നിര്‍ത്തിയാണ്. വി.ഡി സതീശന്‍ താല്‍പര്യമെടുത്ത് നിര്‍ത്തിയ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍ യു.ഡി.എഫില്‍ സതീശന്റെ നില പരുങ്ങലിലാകും. മാത്രമല്ല, അന്‍വറിനെ യു.ഡി.എഫില്‍ എത്തിക്കാന്‍ ശ്രമിച്ച കെ. സുധാകരന്‍, കെ. മുരളീധരന്‍, രമേശ് ചെന്നിത്തല എന്നീ
നേതാക്കള്‍ക്കും ഷൗക്കത്ത് നിലമ്പൂരില്‍ പരാജയപ്പെട്ടാല്‍ സതീശനെതിരെ പുതിയ ആയുധം ലഭിക്കും. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയ സാഹചര്യത്തില്‍ നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ വി.ഡി സതീശന്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിയണമെന്ന ആവശ്യവും ഈ നേതാക്കള്‍ മുന്നോട്ട് വെയ്ക്കും. രമേശ് ചെന്നിത്തലയെ പോലെ തന്നെ 2026ല്‍ മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്ന കെ.സി വേണുഗോപാല്‍ ആഗ്രഹിക്കുന്നതും സതീശന്‍ മാറണമെന്നതു തന്നെ ആയിരിക്കും. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ അന്‍വറിന്റെ നീക്കം. സതീശന്‍ നേതൃത്വം നല്‍കുന്ന
യു.ഡി.എഫിലേക്ക് ഇല്ലെന്നാണ് പി.വി അന്‍വര്‍ പറഞ്ഞത്. അതല്ലാതെ, യു.ഡി.എഫിലേക്ക് ഒരിക്കലും ഇല്ലെന്നോ, യു.ഡി.എഫ് നേതാക്കള്‍ ആകെ ചതിച്ചെന്നോ പറഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിനേക്കാള്‍, ഷൗക്കത്തിന്റെ പരാജയം ഉറപ്പാക്കേണ്ടത് ഇപ്പോള്‍, അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യമാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, ഒരിക്കലും അന്‍വറിനായി യു.ഡി.എഫിന്റെ വാതില്‍ തുറക്കുകയില്ല. മാത്രമല്ല, കോണ്‍ഗ്രസ്സിലും മുന്നണിയിലും വി.ഡി സതീശന്‍ കൂടുതല്‍ കരുത്തനാകുകയും ചെയ്യും.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍, അത് വി.ഡി സതീശന്റെ വിജയമായാണ് വിലയിരുത്തപ്പെടുക. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനും സതീശനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടതായും വരും. നിലമ്പൂരിലെ ഇപ്പോഴത്തെ അപ്രതീക്ഷിത ട്വിസ്റ്റില്‍, ഏറെ സന്തോഷിക്കുന്നത് ഇടതുപക്ഷ ക്യാംപാണ്. അന്‍വര്‍ കൂടി മത്സര രംഗത്തിറങ്ങുന്നത്, ഭരണപക്ഷ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും, എം സ്വരാജ് മികച്ച വോട്ടുകള്‍ക്ക് വിജയിക്കുമെന്നുമാണ് സി.പി.എം നേതൃത്വം കണക്ക് കൂട്ടുന്നത്.
ഇടതുപക്ഷ ക്യാംപിലാകെ ഈ ആവേശവും പ്രകടമാണ്. പി.വി അന്‍വര്‍ ഉന്നയിച്ചതു പോലെ ശക്തമായ കടന്നാക്രമണം മറ്റൊരു പാര്‍ട്ടിയും.. എം.എല്‍.എയും, സി.പി.എമ്മിന് എതിരെയും മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, അന്‍വറില്ലാതെ നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞാല്‍, സര്‍ക്കാരിനെതിരായ സകല ആരോപണങ്ങളുടെയും മുനകൂടിയാണ്, ജനകീയ കോടതിയില്‍ ഒടിഞ്ഞു പോകുക.
content high lights; Who is Anwar’s crash landing targeting?: Are Sudhakaran and Venugopal supporting Anwar?; Rebels warn that V.D. Satheesan’s days are numbered