×

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി സീബ് ഇന്ത്യൻ സ്‌കൂൾ

google news
images (26)

സീബ് ∙ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി സീബ് ഇന്ത്യൻ സ്‌കൂൾ. ജനുവരി 26ന് സ്‌കൂൾ മൈതാനത്തിൽ അനാവരണം ചെയ്ത ബൃഹത്തായ കൊളാഷാണ് അഭിമാന നേട്ടത്തിന് അർഹമായത്. സിബിഎസ്ഇ ഏർപ്പെടുത്തിയ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ യജ്ഞത്തിന്‍റെ ഭാഗമായാണ് സ്‌കൂളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസ്സിലെ എല്ലാ വിദ്യാർഥികളും ചേർന്ന് ഏറ്റവും വലിയ കൊളാഷ് നിർമിച്ചത്. ‘നോളജ് കൊളാജ് ഓഫ് ഇൻഡോ ഒമാൻ' (കെ ഐ ഒ എൻ) എന്ന പേരിലാണ് കൊളാഷ് ഒരുക്കിയത്.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഒമാനിലെ 11 പ്രവിശ്യകളുടേയും വിവരങ്ങളാണ് വിദ്യാർഥികൾ ശേഖരിച്ചത്. 2000ൽ അധികം വിദ്യാർഥികൾ ഒത്തു ചേർന്ന് 1,050 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 2326 ചാർട്ടുകളിലായി 30,608 വിവരങ്ങൾ അടങ്ങുന്ന കൊളാഷാണ് സീബ് ഇന്ത്യൻ സ്‌കൂളിന്‍റെ മൈതാനത്ത് ഒരുക്കിയത്. 14 വയസ്സിനു താഴെയുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾ ഇതിൽ പങ്കുചേർന്നു. ആതിഥേയ രാജ്യമായ ഒമാന്‍റെയും മാതൃരാജ്യമായ ഇന്ത്യയുടേയും കല, സംസ്‌കാരം, ചലച്ചിത്രം, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, സാഹിത്യം, വ്യവസായം, കായികം, വിനോദസഞ്ചാരം എന്നിങ്ങനെ ഒമ്പത് വൃത്യസ്ത മേഖലകളിലുടനീളമുള്ള അന്വേഷണവും ശേഖരണവും ക്രോഡീകരണവും സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസിന്‍റെ നേതൃത്വത്തിലുള്ള അധ്യാപക സംഘമാണ് മേൽനോട്ടം വഹിച്ചത്. വിദ്യാർഥികളുടെ കൂട്ടായ പരിശ്രമത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ലക്ഷ്യ ബോധത്തിന്‍റെയും ഉദാത്ത മാതൃകയാണ് ഈ അഭിമാന നേട്ടം. സ്‌കൂളിലെ കായിക വിഭാഗം സീനിയർ അധ്യാപകൻ ടോണി തോമസ്, കൊമേഴ്‌സ് വിഭാഗം മേധാവി ജിതേഷ് തുളസീധരൻ എന്നിവർ പരിപാടിയെ ഏകോപിപ്പിച്ചു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സ് ടീച്ചർമാരുടെയും അഡ്മിൻ ടീമിന്‍റെയും സഹകരണത്തോടെയുള്ള ഈ ഉദ്യമം കാഴ്ചയിൽ ഏറെ ശ്രദ്ധേയമായ ഒരു മാസ്റ്റർപീസ് സൃഷ്ടിക്കുന്നതിൽ വിജയിച്ചു.

ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദീപക് കുമാർ ഠാക്കൂർ ആയിരുന്നു ഏഷ്യൻ ബുക്ക് റെക്കോർഡിന്‍റെ പ്രതിനിധിയും വിധി കർത്താവും. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ഡയറക്ടർ ബോർഡ് മുൻ ചെയർമാൻമാരായിരുന്ന കിരൺ ആഷർ, വിൽസൺ വി ജോർജ്, വൈസ് ചെയർമാനും സിബ് സ്‌കൂൾ ഇൻ ചാർജുമായ ഷമീർ പി ടി കെ, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിൽ സീബ് സ്‌കൂളിന്‍റെ പ്രത്യേക ചുമതല വഹിക്കുന്ന നിധീഷ് കുമാർ പി പി, ഡയറക്ടർ ബോർഡിൽ നിന്നുള്ള മറ്റ് അംഗങ്ങൾ, സീബ് സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് കൃഷ്ണൻ രാമൻ, മാനേജ്മന്‍റ് കമ്മിറ്റിയിലെ മുൻ പ്രസിഡന്‍റുമാരായ ബൈജു കോശി, മൊയ്ദു എ കെ, ആർ രഞ്ജിത്ത് കുമാർ, സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ, ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രത്യേക ക്ഷണിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തൂടങ്ങി നിരവധിപേർ പങ്കെടുത്തു.

ദീപക് കുമാർ ഠാക്കൂറിൽ നിന്ന് കൃഷ്ണൻ രാമൻ, ഡോ. ലീന ഫ്രാൻസിസ് എന്നിവർ ചേർന്ന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിന്‍റെ അംഗീകാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ മൂല്യങ്ങൾ, സ്ഥാപനപരമായ മൂല്യങ്ങൾ, ഏറ്റവും പ്രധാനമായി ഇന്തോ-ഒമാൻ ബന്ധം മെച്ചപ്പെടുത്തൽ എന്നിവയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ മഹത്തായ ഉദ്യമത്തിന്‍റെ വിജയം സ്‌കൂളിന്‍റെയും ഭാവിതലമുറകളായ വിദ്യാർഥികളുടെയും ധാർമികമായ കാഴ്ചപ്പാടുകളെ വ്യക്തമാക്കുന്നുവെന്നും സ്‌കൂൾ അധികൃതർ വാർത്താ കുറിപ്പിൽ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags