×

'കരുതലിന്റെ മുപ്പതാണ്ട്' കെ.എം.സി.സി വാർഷിക സമ്മേളനം ഒറിസോൺ സമാപിച്ചു

google news
'കരുതലിന്റെ  മുപ്പതാണ്ട്'  കെ.എം.സി.സി വാർഷിക സമ്മേളനം ഒറിസോൺ സമാപിച്ചു

ജിസാൻ- 'കരുതലിന്റെ  മുപ്പതാണ്ട്' ഒറിസോൺ 2023-24 എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടുനിന്ന ജിസാൻ കെ.എം.സി.സി വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. ജിസാനിലെ പ്രവാസി സമൂഹത്തിന്റെ സംഗമമായി ഒറിസോൺ മാറി. വെള്ളിയാഴ്ച ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ സാദിൻ ജസ്മലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സമാപന സമ്മേളനം സൗദി നാഷണൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. 


നാഷണൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ നേർക്കാഴ്ച തന്റെ സംസാരത്തിൽ അദ്ദേഹം വരച്ചുകാട്ടി. സൗദി നാഷണൽ കെ.എം.സി.സി ട്രഷറർ അഹമ്മദ് പാളയാട്ട്, സി.കെ ശാക്കിർ, അസീസ് ചേളാരി, ഗഫൂർ വാവൂർ, ഖാലിദ് പട്‌ല എന്നിവർ സംസാരിച്ചു.


ജിസാൻ കെ.എം.സി.സി സ്ഥാപക നേതാവ് എം.എ അസീസിനെയും, നാഷണൽ കെ.എം.സി.സി സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗഫൂർ വാവൂരിനെയും, സുബൈർഷായെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി കോർഡിനേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ നേതാക്കൾ വിതരണം ചെയ്തു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടെയും, കുടുംബിനികളുടെയും വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മറ്റു മത്സരാർഥികൾക്ക് പ്രോത്സഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ഒപ്പന, ദഫ്മുട്ട്, ക്ലാസ്സിക്കൽ ഡാൻസ്, കോൽക്കളി, ഗ്രൂപ്പ് ഡാൻസ് എന്നിവ സമ്മേളനത്തിന്റെ മൊഞ്ചു വർധിപ്പിച്ചു. അറേബ്യൻ ബാൻഡ്സ് ടീം അവതരിപ്പിച്ച സംഗീത വിരുന്ന് ഏറെ ഹൃദ്യമായി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജസ്മൽ വളമംഗലം, നാസർ വി.ടി ഇരുമ്പുഴി, ജമാൽ കമ്പിൽ, സാദിഖ് മാസ്റ്റർ, ശമീൽ വലമ്പൂർ, സുൽഫിക്കർ വെളിയഞ്ചേരി, നാസർ വാക്കാലൂർ, ഗഫൂർ മൂന്നിയൂർ, മൂസ വലിയോറ, ഷാഫി കോടക്കല്ല്, സിറാജ് പുല്ലൂരാംപാറ, സലാം പെരുമണ്ണ എന്നിവരും ഏരിയ കമ്മിറ്റികളിലെ കർമഭടന്മാരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ സ്വാഗതവും, ട്രഷറർ ഡോ.മൻസൂർ നാലകത്ത് നന്ദിയും പറഞ്ഞു.

 

Tags