×

അബുദാബി വിമാനത്താവളം ഇനി സായിദ് ഇന്റർനാഷനൽ

google news
download (18)

അബുദാബി∙ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റി. പേരുമാറ്റം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. യുഎഇ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനാർഥം കഴിഞ്ഞ വർഷമാണ് പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പേരുമാറ്റം പ്രഖ്യാപിച്ചിരുന്നത്.

 ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് ഇന്റർനാഷനൽ എയർപോർട്ടിന് രാഷ്ട്രപിതാവിന്റെ പേരു നൽകുന്നതിൽ അഭിമാനമുണ്ടെന്ന് നാമകരണ ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഉപദേഷ്ടാവും അബുദാബി എയർപോർട്ട് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ പറഞ്ഞു. യുഎഇയെ ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ ഷെയ്ഖ് സായിദ് മികച്ച സംഭാവനകൾ അർപ്പിച്ചിരുന്നു. യാത്ര, വ്യാപാരം, വാണിജ്യം എന്നിവയിലൂടെ ലോകത്തെ മുൻനിര കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

ഇമാറാത്തി സംസ്കാരവും അറേബ്യൻ പൈതൃകവും സമന്വയിച്ച വിമാനത്താവളം അത്യാധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിക്കുന്നത്. നൂതനവും തടസ്സങ്ങൾ ഇല്ലാത്തതും ഉയർന്ന നിലവാരം പുലർത്തുന്നതുമാണ് സേവനങ്ങൾ. പരമ്പരാഗത ബോട്ട്, ഈന്തപ്പന, മരുഭൂമിയിലെ സൂര്യൻ, ഖസർ അൽ ഹൊസ്ൻ കോട്ട, ടെർമിനൽ എ എന്നിവ ആലേഖനം ചെയ്ത പുതിയ ലോഗോയും പുറത്തിറക്കി. 7.42 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എയർപോർട്ടിൽ ഒരേസമയം 79 വിമാനങ്ങളും മണിക്കൂറിൽ 11,000 യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.

സെൽഫ് സർവീസ് കിയോസ്‌കുകൾ, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിങ് ഗേറ്റുകൾ, സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ എന്നിവ ഉൾപ്പെടെ 9 ബയോമെട്രിക് കേന്ദ്രങ്ങളുമുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും കാത്തിരിപ്പു സമയം കുറയ്ക്കുകയും ചെയ്യുന്നു. വാരാന്ത്യങ്ങളിലെ യാത്രക്കാർക്ക് രാജ്യാന്തര കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാം. വർഷത്തിൽ 4.5 കോടി യാത്രക്കാർക്കു വന്നുപോകാൻ ശേഷിയുള്ള വിമാനത്താവളം പ്രവർത്തനക്ഷമമായി 2 മാസത്തിനകം 44.8 ലക്ഷം പേർ യാത്ര ചെയ്തു. 

12.1 ലക്ഷം പേർ അബുദാബിയിലേക്കു വരികയും 12.2 ലക്ഷം പേർ വിദേശത്തേക്കു പോകുകയും ചെയ്തപ്പോൾ ശേഷിച്ച 20 ലക്ഷത്തിലേറെ പേർ ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. 24,000 വിമാനങ്ങളാണ് 2 മാസത്തിനിടെ സർവീസ് നടത്തിയത്. സർവീസ് നടത്തുന്ന സെക്ടറുകളുടെ എണ്ണം 20% വർധിച്ച് 117 ആയി. 2023ൽ യാത്രക്കാരുടെ എണ്ണം 44.5% വർധിച്ച് 2.2 കോടിയായി ഉയർന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags