×

മരുഭൂമിയിൽ മാലിന്യം തള്ളിയാൽ പിഴ കടുക്കും

google news
download - 2024-02-10T182746.183

ഖോർഫക്കാൻ ∙ മരുഭൂമിയിൽ ടെന്റ് കെട്ടി ആഘോഷിക്കാൻ എത്തുന്നവർ പാചക അവശിഷ്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചു മടങ്ങുന്നതിനെതിരെ കർശന നടപടി എടുക്കുമെന്നു നഗരസഭ അറിയിച്ചു. പാചക അവശിഷ്ടങ്ങൾ ഉപേക്ഷിച്ചു കടന്നാൽ 2000 ദിർഹം പിഴ ലഭിക്കും. മാലിന്യത്തിന്റെ തോതും സ്വഭാവവും അനുസരിച്ച് 50000 ദിർഹം വരെ പിഴ ഈടാക്കാം. 

തണുപ്പ് കൂടിയതോടെ മരുഭൂമിയിലും മലമുകളിലും തമ്പടിച്ചു ഭക്ഷണം പാകം ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ രാജ്യത്ത് കൂടുതലാണ്. ഈ സാഹചര്യത്തിൽ വിവിധ നഗരസഭകൾ നിരീക്ഷണം ശക്തമാക്കി. ഏറ്റവും കൂടുതൽ ആളുകൾ തണുപ്പ് ആസ്വദിക്കാൻ എത്തുന്നത് ഖോർഫക്കാനിലാണ്. ഇവിടെ അൽ ശീസ് പാർക്ക്, അൽ റഫീസ ജലസംഭരണിയുടെ ഭാഗമായ വിശ്രമകേന്ദ്രം എന്നിവിടങ്ങിലേക്ക് വാരാന്ത്യങ്ങളിൽ ജനപ്രവാഹമാണ്.

നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ ബാർബിക്യൂ അനുവദിക്കൂ. പരിസ്ഥിതിക്കു ദോഷകരമാകുന്ന പ്രവൃത്തികളിൽ കർശന നടപടിയുണ്ടാകും. ഭക്ഷണം പാചകം ചെയ്ത ശേഷമുള്ള ചവറുകളും പാഴ്‌വസ്തുക്കളും നിശ്ചിത ഇടങ്ങളിൽ മാത്രമേ ഇടാവൂ. ഇതു ലംഘിച്ചാൽ  2000 ദിർഹം പിഴ ഉടൻ കിട്ടും. മരുഭൂമിയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനു 34 പേർക്ക് ഇതുവരെ പിഴ ചുമത്തിയതായി ഖോർഫക്കാൻ നഗരസഭ മേധാവി ഫൗസിയ റാഷിദ് പറഞ്ഞു. കടലും കരയും സുരക്ഷിതമാക്കാനുള്ള നിയമങ്ങൾ ലംഘിച്ചതിനാണ് ശിക്ഷ. 

‌ബീച്ചുകളിലും മറ്റു വിനോദ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിച്ചിട്ടുണ്ട്. മരം മുറിക്കുക, മണ്ണും ചെടികളും നശിപ്പിക്കുക, ചെടികളുടെ ആവരണം മാറ്റുക തുടങ്ങിയവയ്ക്കും പതിനായിരം ദിർഹം പിഴ ചുമത്തും. ഉപയോഗിച്ച എണ്ണ, മലിനജലം എന്നിവ അഴുക്കുചാൽ ശൃംഖലകളിലേക്ക് ഒഴുക്കിവിടുന്നവർക്ക് 50000 ദിർഹമാണു പിഴ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags