×

അഭിമാന നേട്ടത്തില്‍ യുഎഇ മലയാളി, കുതിരയ്ക്കുമുണ്ട് പാസ്പോർട്ട്

google news
download - 2024-02-09T184442.113

സഹോദരനായ ഷമീറിന്‍റെ കുതിരപ്രേമമാണ് തിരുവനന്തപുരം പൂവാർ സ്വദേശിയായ ഷഫീഖിനെയും കുതിരകളോട് അടുപ്പിച്ചത്. ദുബായ് മാരത്തണ്‍ ഉള്‍പ്പടെ കുതിരപ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന കുതിര റേസുകള്‍ നടക്കുന്ന യുഎഇയിലെത്തിയപ്പോള്‍ കുതിരപ്രേമം കൂടിയതല്ലാതെ കുറഞ്ഞില്ല. ജോലിക്കൊപ്പം കുതിരസവാരിയും ശീലമാക്കി. ഇപ്പോള്‍ പ്രഫഷനല്‍ റേസിങ് പഠിച്ച് ദുബായിലെ പ്രശസ്തമായ എന്‍ഡുറന്‍സ് റേസിന്‍റെ യോഗ്യതയുടെ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഷഫീഖ്.

 റൈഡിങ് പഠിച്ചത് കടം വാങ്ങിയ കുതിരയില്‍
2014 ലാണ് ഷഫീഖ് യുഎഇയിലെത്തുന്നത്. നാട്ടില്‍ കുതിരയും ഒട്ടകങ്ങളുമെല്ലാമുളള ഫാം നോക്കുന്നത് സഹോദരന്‍ ഷമീറാണ്. അവന്‍റെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കുതിരയെ വാങ്ങണമെന്നുളളത്. പണച്ചെലവുളളതിനാല്‍  ഷഫീഖ് യുഎഇയിലെത്തിയതിന് ശേഷം 2016 ലാണ് ആഗ്രഹം സഫലമായത്. കൊല്ലത്തുളള സുഹൃത്തില്‍ നിന്ന് 90,000 രൂപയ്ക്കാണ് കുതിരയെ വാങ്ങിയത്. അതുതന്നെ പകുതി പണം നല്‍കി, പകുതി കടം പറഞ്ഞാണ് വാങ്ങിയത്. 2007 മുതല്‍ സുഹൃത്തിന്‍റെ ഫാമിലുളള കുതിരയില്‍ റൈഡ് ചെയ്യാറുണ്ടായിരുന്നുവെങ്കിലും സ്വന്തമായി വാങ്ങി ബാദുഷെയെന്ന് പേരിട്ട ആ കുതിരയില്‍ നിന്നാണ് റൈഡിങ് ശരിക്കും പഠിച്ചത്. പ്രൊഫഷനലായി പഠിക്കാന്‍ തുടങ്ങിയിട്ട് ഒരു വർഷം. റോയല്‍ സ്റ്റാലിയന്‍സ് എന്ന ഗ്രൂപ്പില്‍ നിന്നുകിട്ടിയ പിന്തുണയാണ് മുന്നോട്ട് പോകാനുളള ഊർജ്ജമായതെന്ന് ഷഫീഖ് പറയുന്നു. സമ്മാനത്തുക കൊണ്ട് ശ്രദ്ധേയമായ മെയ്ദാന്‍ ദുബായ് വേള്‍ഡ് കപ്പുപോലുളള മത്സരങ്ങളില്‍ നിന്നും മാറി എന്‍ഡ്യൂറന്‍സ് റേസിലേക്ക് വന്നതിനും ഷഫീഖിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. കുതിരയെ ഉപദ്രവിക്കാന്‍ പാടില്ലെന്നത് തുടങ്ങി കടിഞ്ഞാണ്‍ ഉപയോഗിക്കുന്നതിലടക്കം കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് എന്‍ഡ്യൂറന്‍സ് റേസിലുളളത്. കുതിര റൈഡർ എന്നതിലുപരി കുതിര സ്നേഹിയാണ് താനെന്നും ഷഫീഖ് പറയുന്നു.

∙ എന്താണ് ഫോഴ്സ് എൻഡ്യുറന്‍സ് ഫെസ്റ്റിവല്‍
വേഗത്തിനപ്പുറം കുതിരയുടെ ശാരീരിക ക്ഷമത പരീക്ഷണ ഘടകമാകുന്ന റേസാണ് എൻഡ്യുറന്‍സ് റേസ്. ഫോഴ്സ് എൻഡ്യുറന്‍സ് ഫെസ്റ്റിവലില്‍ വിവിധ വിഭാഗങ്ങളിലായാണ് ഫോഴ്സ് എൻഡ്യുറന്‍സ് റേസുകള്‍ നടക്കുന്നത്. അതിലൊന്നാണ് ഇന്‍റർനാഷനല്‍ എന്‍ഡ്യുറന്‍സ് 160 കിലോമീറ്റർ റേസ്. രണ്ടു കോടി ദിർഹമാണ് (ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ) വിജയിക്കുളള സമ്മാനം. ദുബായ് ഇക്വസ്ട്രിയൻ ക്ലബാണ് ഇത് സംഘടിപ്പിക്കുന്നത്. യോഗ്യതാറൗണ്ട് മത്സരങ്ങള്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ പൂർത്തിയായി മാർച്ചിലാണ് ഫൈനല്‍ മത്സരം നടക്കുക. നാല് ലൂപ്പുകളായിട്ടാണ് ഫെസ്റ്റിവലിന്‍റെ യോഗ്യതാ റൗണ്ട് നടക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകളില്‍ 40 കിലോമീറ്റർ ദൂരമാണെങ്കില്‍ പിന്നീടുളള രണ്ട് ലൂപ്പുകളില്‍ അത് 80 കിലോമീറ്ററാണ്. ആദ്യ രണ്ട് റൗണ്ടുകള്‍ പൂർത്തിയാക്കിയാല്‍ വണ്‍ സ്റ്റാർ റൈഡർ പദവിയും 80 കിലോമീറ്ററിന്‍റെ രണ്ട് ലൂപ്പുകള്‍ പൂർത്തിയാക്കിയാല്‍ ടൂ സ്റ്റാർ റൈഡർ പദവിയും ലഭിക്കും. 90 മിനിറ്റ് മുതല്‍ 105 മിനിറ്റ് വരെ സമയത്തിനുളളിലാണ് 40 കിലോമീറ്റർ ലൂപ് പൂർത്തിയാക്കേണ്ടത്. നിശ്ചിതസമയത്തിന് മുന്‍പ് റേസ് പൂർത്തിയാക്കിയാലും അയോഗ്യരാകും. കുതിരയുടെ ഹൃദയമിടിപ്പും നിശ്ചിത പരിധിയിലായിരിക്കണെന്നതാണ് നിയമം. ടൂ സ്റ്റാർ റൈഡിങ് പദവി ലഭിച്ചാല്‍ യുഎഇയില്‍ നടക്കുന്ന രാജ്യാന്തര എന്‍ഡ്യൂറന്‍സ് കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാനുളള യോഗ്യത ലഭിക്കും. നിലവില്‍ ആദ്യ രണ്ട് ലൂപ്പുകളാണ് ഷഫീഖ് വിജയകരമായി പൂർത്തിയാക്കിയിട്ടുളളത്. മുന്നോട്ടുളള വഴികള്‍ അത്ര എളുപ്പമല്ലെങ്കിലും ചെറിയ പരിശീലകാലത്തിനിടയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഈ തിരുവനന്തപുരത്തുകാരന്‍.

∙ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍
ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഷഫീഖ് റേസില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ഇക്യുസ്റ്റേറിയന്‍ ഫെഡറേഷന്‍റെ എന്‍ഒസിയാണ് ഇതിനായി ആദ്യം വേണ്ടത്. റേസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതായും റേസിന്‍റെ പൂർണവിവരങ്ങളും വ്യക്തമാക്കി ഇന്ത്യന്‍ ഇക്യുസ്റ്റേറിയന്‍ ഫെഡറേഷന് ഇമെയിലയക്കണം. പരിശോധനകള്‍ പൂർത്തിയാക്കി ഫെഡറേഷന്‍ എന്‍ഒസി നല്‍കും. ഈ നടപടിക്രമങ്ങള്‍ക്കായി 42,000 രൂപ ചെലവ് വരും. യുഎഇ റൈഡിങ് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍  പിന്നീട് ഈ എന്‍ഒസി യുഎഇ ഇക്യുസ്റ്റേറിയന്‍ ഫെഡറേഷന്‍ പരിശോധിക്കും. റൈഡിങ് ലൈസന്‍സ് ലഭിക്കുന്നതിനായി അംഗീകൃത ഹോഴ്സ് റൈസിങ് സ്ഥാപനത്തില്‍ നിന്ന് റേസിങ് കോഴ്സ്  പൂർത്തിയാക്കിയിരിക്കണം. അനുയോജ്യമായ കുതിരയെ തിരഞ്ഞെടുക്കുകയെന്നുളളതാണ് ഇതില്‍ പ്രധാനം. ഈ കടമ്പകള്‍ കടക്കാന്‍ സാമ്പത്തികവും പ്രധാനമാണ്. റേസിനുളള കുതിരയെ നല്‍കുന്നതും ഷഫീഖിന്‍റെ പരിശീലനകാര്യങ്ങളും ലൈസന്‍സിനായുളള നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കിയത് ഷാർജ അല്‍ വലീദ് സ്റ്റേബിള്‍സാണ്. ക്ലബായ റോയല്‍ സ്റ്റാലിയന്‍ നല്കിയ പിന്തുണയും ചെറുതല്ല. പി ആർ എക്സിക്യൂട്ടീവായി ഷഫീഖ് ജോലി ചെയ്യുന്ന കോർപിന്‍ കമ്പനിയും റോയല്‍ സ്റ്റാലിയന്‍ അംഗങ്ങളായ ഡി3 യാട്ടും ഡിഎം ലൈറ്റുമാണ് സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തത്.

∙ കുതിരയ്ക്കുമുണ്ട് പാസ്പോർട്ട്
റേസില്‍ പങ്കെടുക്കുന്ന കുതിരയെ കുറിച്ചുളള വിവരങ്ങളെല്ലാം അറിയുന്നതിനായി പാസ്പോർട്ടുണ്ട്. ഏതൊക്കെ റേസുകളില്‍ പങ്കെടുത്തു, ആരോഗ്യസ്ഥിതി, എടുത്ത വാക്സീനുകള്‍ എന്നിവയെല്ലാം ഈ പാസ്പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കും. പരിചയസമ്പന്നരായ റൈഡർമാർക്ക് കുതിരയോട് അടുത്ത് ഇടപഴകുമ്പോള്‍ തന്നെ എന്‍ഡ്യൂറന്‍സ് റേസിന് അനുയോജ്യമാകുമോയെന്ന് മനസിലാക്കാന്‍ സാധിക്കും. കുതിരയുടെ ആരോഗ്യവും വേഗവും ഇണക്കവുമാണ് റൈഡറുടെ കരുത്ത് എന്നതിനാല്‍ തന്നെ കുതിരയെ തിരഞ്ഞെടുക്കുന്നത് റൈഡില്‍ പ്രധാനമാണ്.

∙ ലക്ഷ്യം രാജ്യാന്തര മത്സരങ്ങള്‍
ഇന്‍റർനാഷനല്‍ എന്‍ഡ്യൂറന്‍സ് 160 കിലോമീറ്റർ റേസിലേക്കുളള യോഗ്യതയുടെ ആദ്യരണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഇനി മുന്നോട്ടുളള യാത്ര എളുപ്പമായിരിക്കില്ലെന്ന് ഷഫീഖിന് ബോധ്യമുണ്ട്. എങ്കിലും രാജ്യാന്തര  മത്സരങ്ങളില്‍ പങ്കെടുക്കണമെന്നുളളതാണ് ആഗ്രഹം. അതിനായി കഠിനാധ്വാനം ചെയ്യാന്‍ തന്നെയാണ് തീരുമാനം. കുതിരശക്തിയായി പിന്നിലുറച്ച് നില്‍ക്കാന്‍  സഹോദരനും റോയല്‍ സ്റ്റാലിയന്‍സിലെ സൗഹൃദങ്ങളുമുളളപ്പോള്‍ ഒന്നും അസാധ്യമാകില്ലെന്നാണ് ഷഫീഖ് ജലാലുദ്ദീന്‍റെ വിശ്വാസം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags