×

‘അഹ്‌ലൻ മോദി’ക്ക് ഒരുങ്ങി ഷെയ്ഖ് സായിദ് സ്റ്റേഡിയം; മേളപ്പെരുക്കത്തിന് മലയാളികൾ, പ്രവേശനം 35,000 പേർക്ക്

google news
download (40)

അബുദാബി ∙ അഹ്‌ലൻ മോദിക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു വൈകിട്ട്  6ന് പ്രധാനമന്ത്രി നരേന്ദ്രമോദി 35,000 ഇന്ത്യക്കാരെ ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അഭിസംബോധന ചെയ്യും. ഉച്ചയ്ക്കു 12 മുതൽ ജനങ്ങളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുതുടങ്ങും. ഇന്ത്യയുടെയും യുഎഇയുടെയും പരമ്പരാഗത കലാ പ്രകടനങ്ങളാണ് പരിപാടിക്കായി ഒരുങ്ങുന്നത്. 12 മുതൽ 3 വരെ ഡിജെ മ്യൂസിക് നടക്കും. യുഎഇയുടെയും ഇന്ത്യയുടെയും പതാക വഹിച്ച് രണ്ടു കുട്ടികൾ സ്റ്റേഡിയത്തെ വലംവയ്ക്കുന്നതോടെ പ്രധാന പരിപാടികളിലേക്കു കടക്കും. 

ലോകത്തിന്റെ സുഹൃത്ത് (വിശ്വമിത്ര) എന്ന പ്രമേയത്തിലൊരുക്കുന്ന കലാവിരുന്ന് വേദിയിലെത്തും. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 800ലേറെ കലാകാരന്മാർ അണിനിരക്കും. കലാപ്രകടനങ്ങൾക്ക് ശിൽപ നായർ നേതൃത്വം നൽകും. പരിപാടിക്കായി 65,000ത്തിലേറെ പേർ റജിസ്റ്റർ ചെയ്തെങ്കിലും സുരക്ഷാപ്രശ്നം മൂലം സ്റ്റേഡിയത്തിനുള്ളിൽ 35,000 പേർക്കാണ് അനുമതി. 

കസേരങ്ങൾ നിരന്നു; തയാറെടുപ്പ് പൂർണം
കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ നിറഞ്ഞ മണ്ണും പൊടിയും നീക്കി സ്റ്റേഡിയം വൃത്തിയാക്കി ഇരിപ്പിടം ഒരുക്കുന്ന തിരക്കിലായിരുന്നു സംഘാടകർ. വൈകിട്ടോടെ മുഴുവൻ കസേരകളും നിരത്തി. പുല്ലിൽ കനമുള്ള പ്ലാസ്റ്റിക് ഷീറ്റ് പാകിയാണ് കസേര ഒരുക്കിയത്. 2 മാസം മുൻപ് തുടങ്ങിയ തയാറെടുപ്പിനാണ് വിരാമമായതെന്ന് സംഘാടക സമിതി അംഗങ്ങളായ മഹേഷ് അഡ്വാനി, രാകേഷ് ബെഹ്റ എന്നിവർ പറഞ്ഞു. വിവിധ എമിറേറ്റുകളിൽനിന്ന് സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആഘോഷമാകും ഘോഷയാത്ര
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾ ‌3.30 മുതൽ 4 വരെ നടക്കുന്ന ഘോഷയാത്രയിൽ അണിനിരക്കും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങി വിവിധ കലകളുടെ അകമ്പടിയോടെ മലയാളികൾ ഘോഷയാത്രയിൽ അണിചേരും. തുടർന്ന് വിവിധ സംസ്ഥാനങ്ങൾ തനത് കലകളുമായി ഒപ്പം ചേരും. കേരളത്തിൽനിന്നുള്ള വനിതകൾക്ക് സെറ്റുസാരിയും പുരുഷന്മാർക്ക് ജുബ്ബയും മുണ്ടുമായിരിക്കും വേഷം. മറ്റ് സംസ്ഥാനങ്ങളും പരമ്പരാഗത വേഷത്തിൽ ഘോഷയാത്രയിൽ അണിനിരക്കും.

മേളപ്പെരുക്കത്തിന് മലയാളികൾ
വൈകിട്ട് 4 മുതൽ 4.30 വരെ വാദ്യമേളം. യുഎഇയിലെ വാദ്യസംഘങ്ങൾ തീർക്കുന്ന മേളപ്പെരുക്കത്തിൽ മലയാളികളുടെ നേതൃത്വത്തിലുള്ള അസുര അബുദാബി മ്യൂസിക്കൽ ബാൻഡിന്റേതാണ് ആദ്യത്തെ പ്രകടനം. ചെണ്ട, വയലിൻ, ഡർബുക് തുടങ്ങിയ ഉപകരണങ്ങളിലൂടെ ശിങ്കാരി മ്യൂസിക്കൽ ഫ്യൂഷൻ ആണ് അസുര ടീം അവതരിപ്പിക്കുന്നത്. തുടർന്ന് മറ്റു സംഘങ്ങളുടെ പ്രകടനം ഇടതടവില്ലാതെ തുടരും. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags