×

പ്രകൃതിദുരന്തത്തിൽപ്പെട്ട് വാഹനം തകർന്നവർക്ക് അതിവേഗ സർട്ടിഫിക്കറ്റ് വിതരണവുമായി ദുബായ് പൊലീസ്

google news
download (45)

ദുബായ് ∙ പ്രകൃതിദുരന്തത്തിൽപ്പെട്ട് വാഹനം തകരാറിലായ വാഹനയുടമകൾക്ക്  ദുബായ് പൊലീസ് 24 മണിക്കൂറിനുള്ളിൽ ഡിജിറ്റലായി വിതരണം ചെയ്തത് 1000 സർട്ടിഫിക്കറ്റുകൾ.  ഡിജിറ്റലായി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന  അറിയിച്ച് 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം സർട്ടിഫിക്കറ്റുകൾ പൊലീസ് വിതരണം ചെയ്തത്. മഴ നാശനഷ്ടങ്ങൾക്ക് മോട്ടോർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് സാധാരണയായി ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ദുബായ് പൊലീസിലെ ജനറൽ ഡിപാർട്മെന്‍റ് ഓഫ് ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഡയറക്ടർ ഖാലിദ് നാസർ അൽ റസൂഖിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ പ്രതികൂല കാലാവസ്ഥയിൽ ദുബായ് പൊലീസ് സേവനം ആവശ്യപ്പെട്ട് 25,107 ടെലിഫോൺ കോളുകൾ ലഭിച്ചതായും അറിയിച്ചു. ഇതിൽ അടിയന്തരമായതും അല്ലാത്തവയുമുണ്ട്.

21,300 കോളുകൾ എമർജൻസി നമ്പറിലേക്ക് (999) ആണ് ലഭിച്ചത്. കോൾ സെന്‍ററിലേക്ക് (901) 3,807 കോളുകൾ വന്നു. കൂടാതെ ട്രാഫിക് സേനയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ 575 റിപ്പോർട്ടുകൾ രേഖപ്പെടുത്തി. സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങളിൽ കോൾ സെന്‍ററി (901)ന് 3,807 കോളുകൾ ലഭിച്ചു. 24 മണിക്കൂറും കോളുകൾ സ്വീകരിക്കാൻ കേന്ദ്രം സജ്ജമാണെന്ന് അൽ മുഹൈരി ഉറപ്പുനൽകി. അടിയന്തര സാഹചര്യങ്ങളോടും റിപ്പോർട്ടുകളോടും കൃത്യമായ പ്രതികരണങ്ങൾ പൊലീസ് നൽകുന്നു. ഔദ്യോഗിക ജോലി സമയത്തായാലും വിവിധ അവധി ദിവസങ്ങളിളിലായാലും വ്യക്തികളുടെ സുരക്ഷയ്ക്കാണ് ദുബായ് പൊലീസിന്‍റെ പ്രാഥമിക പരിഗണന.

∙ സർട്ടിഫിക്കറ്റ് എങ്ങനെ സ്വന്തമാക്കാം?
ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഫോർ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ബ്രി. മൻസൂർ അൽ ഖർഗൗയി ആണ് ദുബായ് പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ  സർട്ടിഫിക്കറ്റ് സേവനം ഓൺലൈനായി ലഭിക്കുമെന്ന കാര്യം അറിയിച്ചത്.  പ്രകൃതിദുരന്തങ്ങൾ കാരണം കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾക്കാണ് ഈ സേവനം. പ്രത്യേകിച്ച് അതിതീവ്രമായ കാലാവസ്ഥയും കനത്ത മഴയും കാരണം രാജ്യം അനുഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് അനിവാര്യമാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ദുബായ് പൊലീസിന്‍റെ സ്മാർട് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഈ സേവനം മുൻപ് ലഭ്യമായിരുന്നതായി ബ്രി. അൽ ഖർഗൗയി വിശദീകരിച്ചു. 

അന്ന് ഉപയോക്താക്കൾ ഓൺലൈനായി അപേക്ഷിക്കുകയും കേടുപാടുകളുടെ കാരണം പരിശോധിക്കുന്നതിനായി അവരുടെ വാഹനം അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും വേണമായിരുന്നു. തുടർന്നായിരുന്നു സർട്ടിഫിക്കറ്റ് ലഭിക്കുക. എന്നാൽ ഇനു മുതൽ ഉപയോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരേണ്ടതില്ല. അവർക്ക് ദുബായ് പൊലീസിന്‍റെ വെബ്‌സൈറ്റ് സന്ദർശിക്കുകയും സർട്ടിഫിക്കറ്റ് പാക്കേജ് സേവനത്തിനായി അപേക്ഷിക്കുകയും വേണം. തുടർന്ന് പ്രകൃതി ദുരന്തങ്ങൾക്കായി ' ടു ഹൂം ഇറ്റ് മേയ് കൺസേൺ ' എന്ന സേവനം തിരഞ്ഞെടുത്ത് കേടായ വാഹനത്തിന്‍റെ ഫോട്ടോകൾ അറ്റാച്ചു ചെയ്യണം. 95 ദിർഹമാണ് ഫീസ്. ഒന്നോ രണ്ടോ പ്രവൃത്തി ദിവസത്തിനുള്ളിൽ അവർക്ക് ഇലക്ട്രോണിക് ആയി സർട്ടിഫിക്കറ്റ് ലഭ്യമാകും. 901 എന്ന നമ്പറിൽ വിളിച്ചാൽ ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags